വെളിപ്പാടു 15 : 1 (OCVML)
ഏഴു ബാധകൾ വഹിക്കുന്ന ഏഴു ദൂതന്മാർ ഞാൻ വലിയതും വിസ്മയകരവുമായ മറ്റൊരത്ഭുതചിഹ്നം സ്വർഗത്തിൽ കണ്ടു; ഏഴു ബാധകൾ വഹിക്കുന്ന ഏഴു ദൂതന്മാരെ. അവയോടുകൂടെ ദൈവക്രോധം പൂർത്തീകരിക്കപ്പെടുന്നതിനാൽ അവ അവസാനത്തെ ബാധകളാണ്.
വെളിപ്പാടു 15 : 2 (OCVML)
പിന്നെ, അഗ്നിമയമായ കണ്ണാടിക്കടൽപോലെ ഒന്നു ഞാൻ കണ്ടു; മൃഗത്തിന്മേലും അതിന്റെ പ്രതിമയുടെമേലും മൃഗത്തിന്റെ നാമസംഖ്യയുടെമേലും ജയം നേടിയവർ ദൈവത്തിന്റെ വീണകൾ പിടിച്ചുകൊണ്ട് ആ കടൽതീരത്തുനിൽക്കുന്നതും കണ്ടു.
വെളിപ്പാടു 15 : 3 (OCVML)
അവർ ദൈവദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതം ആലപിച്ചു: “മഹത്തും വിസ്മയകരവുമാകുന്ന സർവശക്തിയുള്ള ദൈവമായ കർത്താവേ, ജനതകളുടെ രാജാവേ, അങ്ങയുടെ പ്രവൃത്തികൾ നീതിയും സത്യസന്ധവുംതന്നെ.
വെളിപ്പാടു 15 : 4 (OCVML)
ആര് അങ്ങയെ ഭയപ്പെടാതെയും അങ്ങയുടെ നാമം മഹത്ത്വപ്പെടുത്താതെയും ഇരിക്കും, കർത്താവേ? പരിശുദ്ധൻ അങ്ങുമാത്രം. അങ്ങയുടെ നീതിപ്രവൃത്തികൾ പ്രത്യക്ഷമായിരിക്കുകയാൽ ജനതകളെല്ലാം വന്ന് തിരുസന്നിധിയിൽ വീണ് അങ്ങയെ വണങ്ങും.”* സങ്കീ. 111:2,3;ആവ. 32:4;യിര. 10:7;സങ്കീ. 86:9; 98:2 കാണുക.
വെളിപ്പാടു 15 : 5 (OCVML)
ഇതിനെല്ലാംശേഷം സ്വർഗത്തിലെ ഉടമ്പടിയുടെ കൂടാരമെന്ന ദൈവാലയം തുറന്നിരിക്കുന്നതു ഞാൻ കണ്ടു.
വെളിപ്പാടു 15 : 6 (OCVML)
ശുദ്ധവും ശുഭ്രവുമായ മൃദുലചണവസ്ത്രം ധരിച്ചും മാറത്തു തങ്കക്കച്ച കെട്ടിയും ബാധകൾ ഓരോന്നും വഹിച്ചുകൊണ്ട് ദൂതന്മാർ ഏഴുപേരും ദൈവാലയത്തിൽനിന്ന് പുറത്തേക്കുവന്നു.
വെളിപ്പാടു 15 : 7 (OCVML)
അപ്പോൾ നാലു ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു തങ്കക്കലശങ്ങൾ ഏഴു ദൂതന്മാർക്കും കൊടുത്തു.
വെളിപ്പാടു 15 : 8 (OCVML)
ദൈവത്തിന്റെ ഉജ്ജ്വലപ്രഭയുടെയും ശക്തിയുടെയും പുകകൊണ്ട് ദൈവാലയം നിറഞ്ഞു. ഏഴു ദൂതന്മാർ അവരുടെ ഏഴു ബാധകളും പൂർത്തിയാക്കുന്നതുവരെ ദൈവാലയത്തിൽ പ്രവേശിക്കാൻ ആർക്കും കഴിഞ്ഞില്ല.

1 2 3 4 5 6 7 8