വെളിപ്പാടു 17 : 1 (OCVML)
മൃഗത്തിന്മേൽ ഇരിക്കുന്ന സ്ത്രീ ഏഴു കുംഭങ്ങൾ കൈവശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ എന്നോടു സംസാരിച്ചത്: “വരിക, ഭൂമിയിലെ രാജാക്കന്മാരുമായി വ്യഭിചാരത്തിലേർപ്പെട്ട് തന്റെ വേശ്യാവൃത്തിയുടെ വീഞ്ഞുകൊണ്ട് ഭൂവാസികളെ ലഹരിപിടിപ്പിച്ചവളും,
വെളിപ്പാടു 17 : 2 (OCVML)
പെരുവെള്ളത്തിന്മേൽ ഇരിക്കുന്നവളുമായ മഹാവേശ്യയുടെ ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം.”
വെളിപ്പാടു 17 : 3 (OCVML)
ദൂതൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. ഏഴു തലയും പത്തു കൊമ്പും ഉള്ളതും ദൈവത്തെ ദുഷിക്കുന്ന നാമങ്ങൾകൊണ്ടു നിറഞ്ഞതും കടുംചെമപ്പുമായ മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു.
വെളിപ്പാടു 17 : 4 (OCVML)
അവൾ ഊതവും കടുംചെമപ്പുമായ വസ്ത്രങ്ങൾ ധരിച്ചും സ്വർണം, വിലയേറിയ കല്ലുകൾ, മുത്തുകൾ എന്നിവയണിഞ്ഞും ഇരുന്നു. തന്റെ വേശ്യാവൃത്തിയുടെ മ്ലേച്ഛതകളും അശുദ്ധികളും നിറഞ്ഞ ഒരു സ്വർണചഷകം അവൾ കൈയിൽ പിടിച്ചിരുന്നു.
വെളിപ്പാടു 17 : 5 (OCVML)
* രഹസ്യം: മഹതിയാം ബാബേൽ, ഭൂമിയിലെ വേശ്യകളുടെയും മ്ലേച്ഛതകളുടെയും മാതാവ്. ഇങ്ങനെ നിഗൂഢമായ ഒരു പേരും അവളുടെ നെറ്റിയിൽ എഴുതിയിരുന്നു.
വെളിപ്പാടു 17 : 6 (OCVML)
വിശുദ്ധരുടെയും യേശുവിന്റെ സാക്ഷ്യംവഹിച്ചവരുടെയും രക്തം കുടിച്ച് അവൾ ലഹരിപിടിച്ചിരിക്കുന്നതു ഞാൻ കണ്ടു. അവളെ കണ്ടപ്പോൾ ഞാൻ അത്യന്തം അതിശയിച്ചു.
വെളിപ്പാടു 17 : 7 (OCVML)
ദൂതൻ എന്നോടു പറഞ്ഞത്: “നീ അതിശയിക്കുന്നതെന്തിന്? ഏഴു തലയും പത്തു കൊമ്പുള്ളതുമായ മൃഗത്തിന്റെയും അതിന്മേൽ ഇരിക്കുന്ന സ്ത്രീയുടെയും രഹസ്യം ഞാൻ നിനക്കു പറഞ്ഞുതരാം.
വെളിപ്പാടു 17 : 8 (OCVML)
മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും, അഗാധഗർത്തത്തിൽനിന്ന് കയറിവന്ന് നാശത്തിലേക്കു പോകാനുള്ളതുമായ മൃഗത്തെയാണ് നീ കണ്ടത്. ലോകസൃഷ്ടിമുതൽ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികൾ—മുമ്പേ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാതായതും ഇനി വെളിപ്പെടാനിരിക്കുന്നതുമായ—ആ മൃഗത്തെക്കണ്ടു വിസ്മയിക്കും.
വെളിപ്പാടു 17 : 9 (OCVML)
“വിവേകത്തോടുകൂടിയ ജ്ഞാനമാണ് ഇവിടെ അത്യാവശ്യമായിരിക്കുന്നത്. ഏഴു തല സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു;
വെളിപ്പാടു 17 : 10 (OCVML)
അവ ഏഴു രാജാക്കന്മാരുമാകുന്നു. അവരിൽ അഞ്ചുപേർ നിപതിച്ചുപോയി. ഒരാൾ ഇപ്പോൾ ഉണ്ട്. മറ്റേയാൾ ഇതുവരെയും വന്നിട്ടില്ല. അയാൾ വന്നിട്ട് അൽപ്പകാലം വാഴേണ്ടതാണ്.
വെളിപ്പാടു 17 : 11 (OCVML)
മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ മൃഗം ഏഴുപേരുടെ ഗണത്തിൽ ഉൾപ്പെട്ടവനും എട്ടാമനായി വരുന്നവനുമാണ്.* ഒരാൾ തന്നെ രണ്ടുതവണ വാഴും എന്നായിരിക്കാം അർഥമാക്കുന്നത്. അവന്റെ നാശം ആസന്നമായിരിക്കുന്നു.
വെളിപ്പാടു 17 : 12 (OCVML)
“നീ കണ്ട പത്തു കൊമ്പുകൾ ഇതുവരെയും രാജത്വം ഏറ്റെടുത്തിട്ടില്ലാത്ത പത്തു രാജാക്കന്മാരാണ്. അവർക്ക് ഒരു മണിക്കൂർ സമയത്തേക്കു രാജാക്കന്മാരെപ്പോലെ മൃഗത്തോടൊപ്പം അധികാരം ലഭിക്കും.
വെളിപ്പാടു 17 : 13 (OCVML)
ഇവരുടെ ലക്ഷ്യം ഒന്നായിരിക്കുകയാൽ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നൽകുന്നു.
വെളിപ്പാടു 17 : 14 (OCVML)
ഇവർ കുഞ്ഞാടിനോടു യുദ്ധംചെയ്യും. കുഞ്ഞാട് കർത്താധികർത്താവും രാജാധിരാജാവുമാകുകയാൽ അവരുടെമേൽ ജയം നേടും. വിളിക്കപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട വിശ്വസ്തഅനുയായികൾ കുഞ്ഞാടിനോടൊപ്പം ഉണ്ടായിരിക്കും.”
വെളിപ്പാടു 17 : 15 (OCVML)
ദൂതൻ പിന്നെയും എന്നോടു പറഞ്ഞത്: “വേശ്യ ഇരിക്കുന്നതായി നീ കണ്ട പെരുവെള്ളം ജനതകളും സമൂഹങ്ങളും രാജ്യങ്ങളും ഭാഷകളുമാകുന്നു.
വെളിപ്പാടു 17 : 16 (OCVML)
നീ ദർശിച്ച പത്തു കൊമ്പുകളും മൃഗവുംചേർന്ന് വേശ്യയെ വെറുത്ത് അവളെ ശൂന്യയും വിവസ്ത്രയുമാക്കി അവളുടെ മാംസം തിന്നുകയും അവളെ അഗ്നിയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.
വെളിപ്പാടു 17 : 17 (OCVML)
ദൈവത്തിന്റെ വചനം നിവൃത്തിയാകുന്നതുവരെയും തങ്ങളുടെ രാജകീയ അധികാരം ഇവർ മൃഗത്തിനു സമർപ്പിക്കുന്നതിന് ഏകാഭിപ്രായമുള്ളവരായിത്തീരാൻ ദൈവം അവരുടെ ഹൃദയങ്ങളിൽ തോന്നിച്ചു. ഇത് ദൈവികപദ്ധതിയുടെ നിർവഹണമായിരുന്നു.
വെളിപ്പാടു 17 : 18 (OCVML)
നീ കണ്ട സ്ത്രീയോ ഭൂമിയിലെ രാജാക്കന്മാരുടെമേൽ ഭരണംനടത്തുന്ന മഹാനഗരമാണ്.”

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18