വെളിപ്പാടു 2 : 1 (OCVML)
എഫേസോസിലെ സഭയ്ക്ക് “എഫേസോസിലെ സഭയുടെ ദൂതന് എഴുതുക: “വലതുകൈയിൽ ഏഴു നക്ഷത്രം പിടിച്ചുകൊണ്ട്* അതായത്, നിയന്ത്രിച്ചുകൊണ്ട് ഏഴു തങ്കനിലവിളക്കിന്റെ നടുവിൽ നടക്കുന്ന ഞാൻ അരുളിച്ചെയ്യുന്നു:
വെളിപ്പാടു 2 : 2 (OCVML)
“നിന്റെ പ്രവൃത്തിയും അധ്വാനവും സഹിഷ്ണുതയും ഞാൻ അറിയുന്നു. ദുഷ്ടമനുഷ്യരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലരല്ലെങ്കിലും സ്വയം അപ്പൊസ്തലരെന്നു നടിക്കുന്നവരെ നീ പരിശോധിച്ച് അവർ വ്യാജരാണെന്നു കണ്ടെത്തിയതും ഞാൻ അറിയുന്നു.
വെളിപ്പാടു 2 : 3 (OCVML)
എന്റെ നാമത്തിനുവേണ്ടി ക്ലേശങ്ങൾ ക്ഷമയോടെ സഹിച്ചിട്ടും തളർന്നുപോകാതിരുന്നതും ഞാൻ അറിയുന്നു.
വെളിപ്പാടു 2 : 4 (OCVML)
“എങ്കിലും നിനക്കെതിരേ എനിക്ക് ഒരു പരാതിയുണ്ട്: നിന്റെ ആദ്യസ്നേഹം നീ ത്യജിച്ചു.
വെളിപ്പാടു 2 : 5 (OCVML)
നീ എത്ര ഉയരത്തിൽനിന്നാണ് വീണിരിക്കുന്നത് എന്നു മനസ്സിലാക്കി പശ്ചാത്തപിച്ചുകൊണ്ട് നിന്റെ പഴയ പ്രവൃത്തികൾ പുനരാരംഭിക്കുക. നീ അനുതപിക്കാതിരുന്നാൽ ഞാൻ നിന്റെ അടുക്കൽ വരികയും നിന്റെ നിലവിളക്ക് അതിന്റെ സ്ഥാനത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.
വെളിപ്പാടു 2 : 6 (OCVML)
എന്നാൽ, നിക്കൊലാവ്യരുടെ പ്രവൃത്തികൾ നീ വെറുക്കുന്നു എന്ന ഒരു മേന്മ നിനക്കുണ്ട്. അവ ഞാനും വെറുക്കുന്നു.
വെളിപ്പാടു 2 : 7 (OCVML)
“ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് ഞാൻ ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തിൽനിന്ന് ഭക്ഷിക്കാൻ കൊടുക്കും.
വെളിപ്പാടു 2 : 8 (OCVML)
സ്മുർന്നയിലെ സഭയ്ക്ക് “സ്മുർന്നയിലെ സഭയുടെ ദൂതന് എഴുതുക: “മരിച്ചിട്ട് പുനരുത്ഥാനംചെയ്ത ആദ്യനും അന്ത്യനും ആകുന്ന ഞാൻ അരുളിച്ചെയ്യുന്നു:
വെളിപ്പാടു 2 : 9 (OCVML)
“നീ സഹിക്കുന്ന കഷ്ടതയും ദാരിദ്ര്യവും—എങ്കിലും നീ ധനികൻതന്നെ—ഞാൻ അറിയുന്നു. തങ്ങൾ യെഹൂദർ അല്ലാതിരിക്കെ യെഹൂദരെന്നു മിഥ്യാഭിമാനം പുലർത്തുന്ന സാത്താന്റെ പള്ളിക്കാർ നിങ്ങളെക്കുറിച്ചു പറയുന്ന അപവാദങ്ങളും ഞാൻ അറിയുന്നു.
വെളിപ്പാടു 2 : 10 (OCVML)
നിങ്ങൾ സഹിക്കാൻ പോകുന്നതിനെക്കുറിച്ച് ഒട്ടും ഭയപ്പെടരുത്. സൂക്ഷിക്കുക; പിശാചു നിങ്ങളിൽ ചിലരെ തടവിലാക്കി നിങ്ങളെ പരീക്ഷിക്കാൻ പോകുന്നു. പത്തുദിവസം നിങ്ങൾക്കു പീഡനമുണ്ടാകും. മരണംവരെ വിശ്വസ്തനായിരിക്കുക; ഞാൻ ജീവകിരീടം നിനക്കു തരും.
വെളിപ്പാടു 2 : 11 (OCVML)
“ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് രണ്ടാംമരണത്തിന്റെ ഭീഷണിയില്ല.
വെളിപ്പാടു 2 : 12 (OCVML)
പെർഗമൊസിലെ സഭയ്ക്ക് “പെർഗമൊസിലുള്ള സഭയുടെ ദൂതന് എഴുതുക: “മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാളുള്ള ഞാൻ അരുളിച്ചെയ്യുന്നു:
വെളിപ്പാടു 2 : 13 (OCVML)
“നീ വസിക്കുന്നത് എവിടെയെന്നും അവിടെ സാത്താന്റെ സിംഹാസനമുണ്ടെന്നും എനിക്കറിയാം. എങ്കിലും നീ എന്റെ നാമത്തോടുള്ള വിശ്വസ്തതപുലർത്തുന്നു. നിങ്ങളുടെയിടയിൽ, സാത്താൻ താമസിക്കുന്നിടത്തുനിന്നുതന്നെയുള്ള എന്റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസ് രക്തസാക്ഷിയായിത്തീർന്ന കാലത്തുപോലും, നീ എന്നിലുള്ള വിശ്വാസം ത്യജിച്ചില്ല.
വെളിപ്പാടു 2 : 14 (OCVML)
“എങ്കിലും നിനക്കു വിരോധമായി ഇതാ ചില കാര്യങ്ങൾ: വിഗ്രഹാർപ്പിതം ഭക്ഷിക്കാനും ദുർനടപ്പിൽ ഏർപ്പെടാനും ഇസ്രായേല്യരെ വശീകരിക്കാൻ ബാലാക്കിനു നിർദേശംകൊടുത്ത ബിലെയാമിന്റെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്ന ചിലർ നിങ്ങളുടെ ഇടയിലുണ്ട്.
വെളിപ്പാടു 2 : 15 (OCVML)
അതുപോലെതന്നെ നിക്കൊലാവ്യരുടെ ഉപദേശം സ്വീകരിച്ചിരിക്കുന്നവരും നിങ്ങൾക്കിടയിലുണ്ട്.
വെളിപ്പാടു 2 : 16 (OCVML)
അനുതപിക്കുക; അല്ലാത്തപക്ഷം ഞാൻ വേഗം നിങ്ങളുടെ അടുക്കൽവന്ന് എന്റെ വായിലെ വാൾകൊണ്ട് അവരോടു പോരാടും.
വെളിപ്പാടു 2 : 17 (OCVML)
“ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് ഞാൻ മറഞ്ഞിരിക്കുന്ന മന്ന† ഇസ്രായേൽജനത നാൽപ്പതുവർഷം മരുഭൂമിയിൽ ഭക്ഷിച്ച ആഹാരം. പുറ. 16:32-34;എബ്രാ. 9:4 നൽകും. ഞാൻ അവന് ഒരു വെള്ളക്കല്ലും കൊടുക്കും. ലഭിക്കുന്നവനല്ലാതെ മറ്റാർക്കും അറിയാത്ത ഒരു പുതിയ പേരും ആ കല്ലിന്മേൽ എഴുതപ്പെട്ടിരിക്കും.
വെളിപ്പാടു 2 : 18 (OCVML)
തുയഥൈരയിലെ സഭയ്ക്ക് “തുയഥൈരയിലുള്ള സഭയുടെ ദൂതന് എഴുതുക: “അഗ്നിജ്വാലപോലെ കണ്ണുകളും വെള്ളോടിനു തുല്യമായ പാദങ്ങളുമുള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നു:
വെളിപ്പാടു 2 : 19 (OCVML)
“നിന്റെ പ്രവൃത്തികളും നിന്റെ സ്നേഹം, വിശ്വാസം, സേവനം, സഹിഷ്ണുത എന്നിവയും നീ ഇപ്പോൾ ചെയ്യുന്ന പ്രവൃത്തി ആദ്യം ചെയ്തതിനെക്കാൾ ശ്രേഷ്ഠമായിരുന്നു എന്നതും ഞാൻ അറിയുന്നു.
വെളിപ്പാടു 2 : 20 (OCVML)
“എന്നാൽ, നിന്നെക്കുറിച്ച് ഒരു കുറ്റം എനിക്കു പറയാനുണ്ട്. ദുർനടപ്പിൽ ഏർപ്പെടാനും വിഗ്രഹാർപ്പിതം ഭക്ഷിക്കാനും എന്റെ ദാസന്മാരെ ഉപദേശിച്ചു വഴിതെറ്റിക്കുന്ന സ്വയംപ്രഖ്യാപിത പ്രവാചികയായ ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു.
വെളിപ്പാടു 2 : 21 (OCVML)
അവൾക്കു തന്റെ അസാന്മാർഗികതയിൽനിന്ന് അനുതപിക്കാൻ ഞാൻ സമയം നൽകിയെങ്കിലും അതിൽനിന്ന് മാനസാന്തരപ്പെടാൻ അവൾക്കു മനസ്സില്ല.
വെളിപ്പാടു 2 : 22 (OCVML)
നോക്കുക, ഞാൻ അവളെ കഷ്ടതയുടെ കിടക്കയിലാക്കും; അവളുമായി വ്യഭിചരിക്കുന്നവർ അവൾ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച് അനുതപിക്കാതെ ഇരുന്നാൽ ഞാൻ അവരെയും വലിയ യാതനയിലാക്കും.
വെളിപ്പാടു 2 : 23 (OCVML)
അവളുടെ മക്കളെയും ഞാൻ വധിച്ചുകളയും. ഞാൻ ഹൃദയങ്ങളെയും മനസ്സുകളെയും പരിശോധിക്കുന്നവനെന്നും ഓരോരുത്തർക്കും തങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി പകരം നൽകുന്നവനെന്നും സകലസഭകളും അറിയും.
വെളിപ്പാടു 2 : 24 (OCVML)
“എന്നാൽ അവളുടെ ഉപദേശം സ്വീകരിക്കാതെയും സാത്താന്റെ നിഗൂഢരഹസ്യങ്ങൾ എന്ന് അവർ പറയുന്നവ അഭ്യസിക്കാതെയും ഇരിക്കുന്നവരായ തുയഥൈരയിലെ ശേഷമുള്ളവരോടു ഞാൻ കൽപ്പിക്കുന്നത്:
വെളിപ്പാടു 2 : 25 (OCVML)
‘ഞാൻ വരുന്നതുവരെയും നിങ്ങൾക്കുള്ളതു മുറുകെപ്പിടിക്കുക; ഇതല്ലാതെ മറ്റൊരു ഭാരവും ഞാൻ നിങ്ങളുടെമേൽ ചുമത്തുന്നില്ല.’
വെളിപ്പാടു 2 : 26 (OCVML)
“വിജയിക്കുകയും അന്ത്യംവരെ എന്റെ പ്രവൃത്തികൾ അനുഷ്ഠിക്കുകയുംചെയ്യുന്നവന് എന്റെ പിതാവ് എനിക്കു നൽകിയതുപോലെ ഞാൻ ജനതകളുടെമേൽ അധികാരം കൊടുക്കും.
വെളിപ്പാടു 2 : 27 (OCVML)
‘അദ്ദേഹം ഇരുമ്പുകോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവർ നുറുങ്ങിപ്പോകും.’‡ സങ്കീ. 2:9
വെളിപ്പാടു 2 : 28 (OCVML)
എന്റെ പിതാവിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ളതുപോലെ ഞാൻ അവന് പ്രഭാതനക്ഷത്രം നൽകും.
വെളിപ്പാടു 2 : 29 (OCVML)
ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29