വെളിപ്പാടു 4 : 1 (OCVML)
സ്വർഗത്തിലെ സിംഹാസനം ഇതിനുശേഷം സ്വർഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു. കാഹളനാദംപോലെ ആദ്യം സംസാരിച്ചുകേട്ട ശബ്ദം എന്നോട്, “ഇവിടെ കയറിവരിക, ഇനി സംഭവിക്കാനുള്ളവ ഞാൻ നിനക്കു കാണിച്ചുതരാം” എന്നു പറഞ്ഞു.
വെളിപ്പാടു 4 : 2 (OCVML)
ഉടനെ ഞാൻ ആത്മാവിലായി. ഇതാ, സ്വർഗത്തിൽ ഒരു സിംഹാസനം; അതിൽ ഒരാൾ ഇരിക്കുന്നു.
വെളിപ്പാടു 4 : 3 (OCVML)
സിംഹാസനസ്ഥൻ സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിനു ചുറ്റും മരതകതുല്യമായ ഒരു മഴവില്ല്.
വെളിപ്പാടു 4 : 4 (OCVML)
സിംഹാസനത്തിനു ചുറ്റും വേറെയും ഇരുപത്തിനാലു സിംഹാസനം; തേജോമയവസ്ത്രം ധരിച്ച ഇരുപത്തിനാലു മുഖ്യന്മാർ അവയിൽ ഇരിക്കുന്നു; അവരുടെ തലയിൽ തങ്കക്കിരീടങ്ങൾ.
വെളിപ്പാടു 4 : 5 (OCVML)
സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കവും പുറപ്പെട്ടുവരുന്നു. സിംഹാസനത്തിനുമുമ്പിൽ ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴുദീപങ്ങൾ പ്രകാശിച്ചുകൊണ്ടിരിക്കുന്നു.
വെളിപ്പാടു 4 : 6 (OCVML)
സിംഹാസനത്തിനുമുമ്പിൽ പളുങ്കുപോലെ സുതാര്യമായ കണ്ണാടിക്കടൽ. കേന്ദ്രസ്ഥാനത്തുള്ള സിംഹാസനത്തിന്റെ ചുറ്റും നാലു ജീവികൾ; അവ മുന്നിലും പിന്നിലും കണ്ണുകളാൽ പൊതിയപ്പെട്ടിരുന്നു.
വെളിപ്പാടു 4 : 7 (OCVML)
ഒന്നാമത്തെ ജീവി സിംഹത്തിനു സദൃശം, രണ്ടാമത്തെ ജീവി കാളയെപ്പോലെ, മൂന്നാമത്തെ ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്, നാലാമത്തെ ജീവി പറക്കുന്ന കഴുകനോടു സദൃശം.
വെളിപ്പാടു 4 : 8 (OCVML)
നാലു ജീവികൾ ഓരോന്നിനും ആറു ചിറകുവീതം ഉണ്ടായിരുന്നു. അവയ്ക്ക് ചിറകുകൾക്കുള്ളിലും പുറമേയുമായി നിറയെ കണ്ണുകളുമുണ്ടായിരുന്നു. ആ ജീവികൾ രാപകൽ വിശ്രമമില്ലാതെ, “ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ, ‘സർവശക്തിയുള്ള ദൈവമായ കർത്താവ്,* യെശ. 6:3 പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ ” എന്നു തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നു.
വെളിപ്പാടു 4 : 9 (OCVML)
സിംഹാസനസ്ഥനായി അനന്തകാലം ജീവിക്കുന്ന കർത്താവിന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോഴെല്ലാം
വെളിപ്പാടു 4 : 10 (OCVML)
ഇരുപത്തിനാലു മുഖ്യന്മാരും സിംഹാസനസ്ഥന്റെ മുമ്പിൽ വീണ്, അനന്തകാലം ജീവിക്കുന്നവനെ നമസ്കരിച്ചുകൊണ്ട്:
വെളിപ്പാടു 4 : 11 (OCVML)
“ഞങ്ങളുടെ കർത്താവും ദൈവവുമായുള്ളവനെ, അങ്ങ് സകലത്തെയും സൃഷ്ടിച്ചു. അവിടത്തെ ഇഷ്ടത്താൽ അവ ഉത്ഭവിക്കുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുകയാൽ, അവിടന്നു മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യൻ,” എന്നു പറഞ്ഞു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനുമുമ്പിൽ സമർപ്പിക്കും.

1 2 3 4 5 6 7 8 9 10 11