റോമർ 12 : 1 (OCVML)
സജീവയാഗങ്ങൾ സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന.
റോമർ 12 : 2 (OCVML)
ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.
റോമർ 12 : 3 (OCVML)
ക്രിസ്തുവിന്റെ ശരീരത്തിലുള്ള സേവനം എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്.
റോമർ 12 : 4 (OCVML)
നാം ഓരോരുത്തർക്കും ഒരു ശരീരത്തിൽ പല അവയവങ്ങൾ ഉണ്ട്; എന്നാൽ എല്ലാ അവയവങ്ങൾക്കും പ്രവർത്തനം ഒന്നുതന്നെ അല്ല.
റോമർ 12 : 5 (OCVML)
അതുപോലെ, പലരായ നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടതിലൂടെ ഒരേ ശരീരമായിത്തീർന്നിരിക്കുകയാണ്; അങ്ങനെ, നാം ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളും.
റോമർ 12 : 6 (OCVML)
ഇപ്രകാരം ദൈവകൃപയ്ക്കനുസൃതമായി നമുക്കു ലഭിച്ചിരിക്കുന്ന കൃപാദാനങ്ങളും വിവിധങ്ങളാണ്: പ്രവചിക്കാനുള്ള ദാനമെങ്കിൽ അതു വിശ്വാസത്തിന് ആനുപാതികമായിരിക്കട്ടെ.
റോമർ 12 : 7 (OCVML)
ശുശ്രൂഷിക്കുന്നതിനുള്ള ദാനമെങ്കിൽ ശുശ്രൂഷിക്കുകയും ഉപദേശിക്കുന്നതിനുള്ള ദാനമെങ്കിൽ ഉപദേശിക്കുകയുംചെയ്യട്ടെ.
റോമർ 12 : 8 (OCVML)
മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അയാൾ ആശ്വസിപ്പിക്കട്ടെ; ദാനം ചെയ്യുന്നതിനാണ് അതെങ്കിൽ അത് ഉദാരതയോടെ ചെയ്യട്ടെ; നയിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അത് ഗൗരവത്തോടെ നിർവഹിക്കട്ടെ; കരുണ കാണിക്കുന്നതിനുള്ള ദാനമാണെങ്കിൽ അത് ആനന്ദത്തോടെ ചെയ്യട്ടെ.
റോമർ 12 : 9 (OCVML)
പ്രായോഗികസ്നേഹം സ്നേഹം നിഷ്കപടമായിരിക്കട്ടെ. ദുഷ്ടതയെ വെറുക്കുകയും നന്മയെ ആശ്ലേഷിക്കുകയുംചെയ്യുക.
റോമർ 12 : 10 (OCVML)
സഹോദരങ്ങളെപ്പോലെ പരസ്പരം ആഴമായി സ്നേഹിക്കുക. നിങ്ങളെക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുക.
റോമർ 12 : 11 (OCVML)
ഉത്സാഹത്തിൽ കുറവുവരാതെ ആത്മതീക്ഷ്ണതയുള്ളവരായി കർത്താവിനെ സേവിക്കുക.
റോമർ 12 : 12 (OCVML)
പ്രത്യാശയിൽ ആനന്ദിക്കുക; ക്ഷമയോടെ കഷ്ടത സഹിക്കുക; നിരന്തരം പ്രാർഥിക്കുക.
റോമർ 12 : 13 (OCVML)
സഹവിശ്വാസികളുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുകയും അതിഥിസൽക്കാര പ്രിയരായിരിക്കുകയുംചെയ്യുക.
റോമർ 12 : 14 (OCVML)
നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുക; അതേ, അനുഗ്രഹിക്കുക, ശപിക്കരുത്.
റോമർ 12 : 15 (OCVML)
ആനന്ദിക്കുന്നവരോടുകൂടെ ആനന്ദിക്കുകയും വിലപിക്കുന്നവരോടുകൂടെ വിലപിക്കുകയുംചെയ്യുക.
റോമർ 12 : 16 (OCVML)
പരസ്പരം സമഭാവനയോടെ ജീവിക്കുക, വലിയവനെന്നു ഭാവിക്കാതെ എളിയവരോടു സഹകരിക്കാൻ സന്മനസ്സുണ്ടാകണം. ജ്ഞാനികളെന്ന് സ്വയം അഹങ്കരിക്കരുത്.
റോമർ 12 : 17 (OCVML)
നിങ്ങളോടു ദോഷം പ്രവർത്തിക്കുന്ന ആർക്കും ദോഷം പകരം ചെയ്യരുത്. എല്ലാ മനുഷ്യർക്കും സ്വീകാര്യമായ നല്ല കാര്യങ്ങൾചെയ്യാൻ ശ്രമിക്കുകയും
റോമർ 12 : 18 (OCVML)
നിങ്ങളാൽ കഴിയുന്നതുവരെ, എല്ലാവരോടും സമാധാനത്തോടെ ജീവിക്കുകയുംചെയ്യുക.
റോമർ 12 : 19 (OCVML)
സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അതു നിർവഹിക്കട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും”* ആവ. 32:35 എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
റോമർ 12 : 20 (OCVML)
എന്നാൽ, “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷണം നൽകുക; ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ നൽകുക. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണു ചെയ്യുക.” സദൃ. 25:21,22
റോമർ 12 : 21 (OCVML)
21 നിങ്ങൾ തിന്മയ്ക്ക് അധീനരാകരുത്, പിന്നെയോ, നന്മയാൽ തിന്മയെ കീഴടക്കുകയാണു വേണ്ടത്.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21