ഉത്തമ ഗീതം 3 : 1 (OCVML)
രാത്രിമുഴുവനും എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അതിയായി ആഗ്രഹിച്ചു; ഞാൻ അതിയായി ആഗ്രഹിച്ചു, എന്നാൽ അവൻ വന്നുചേർന്നില്ല.
ഉത്തമ ഗീതം 3 : 2 (OCVML)
ഞാൻ ഇപ്പോൾ എഴുന്നേറ്റ് നഗരത്തിലേക്കുപോകും, അതിന്റെ വീഥികളിലും ചത്വരങ്ങളിലും ചുറ്റിനടന്ന്, ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിക്കും. അങ്ങനെ ഞാൻ അവനെ അന്വേഷിച്ചു, എന്നാൽ കണ്ടെത്തിയില്ലാതാനും.
ഉത്തമ ഗീതം 3 : 3 (OCVML)
നഗരവീഥികളിൽ റോന്തുചുറ്റുന്ന കാവൽഭടന്മാർ എന്നെ കണ്ടുമുട്ടി. “എന്റെ പ്രാണപ്രിയനെ നിങ്ങൾ കണ്ടുവോ?” എന്നു ഞാൻ അവരോട് അന്വേഷിച്ചു.
ഉത്തമ ഗീതം 3 : 4 (OCVML)
ഞാൻ അവരെ കടന്നുപോയതേയുള്ളൂ ഉടനെതന്നെ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടെത്തി. ഞാൻ അവനെ പോകാൻ അനുവദിക്കാതെ മുറുകെപ്പിടിച്ചു അങ്ങനെ ഞാൻ അവനെ എന്റെ മാതൃഭവനത്തിലേക്കു കൊണ്ടുവന്നു, എന്നെ ഉദരത്തിൽ വഹിച്ച അമ്മയുടെ ശയനമുറിയിലേക്കുതന്നെ.
ഉത്തമ ഗീതം 3 : 5 (OCVML)
ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക: അനുയോജ്യസമയം വരുംവരെ പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.
ഉത്തമ ഗീതം 3 : 6 (OCVML)
മീറയും കുന്തിരിക്കവും വ്യാപാരിയുടെ സകലവിധ സുഗന്ധദ്രവ്യങ്ങളുംകൊണ്ട്, പരിമളം പരത്തുന്ന പുകത്തൂണുപോലെ മരുഭൂമിയിൽനിന്നും കയറിവരുന്നോരിവനാരാണ്?
ഉത്തമ ഗീതം 3 : 7 (OCVML)
നോക്കൂ, അത് ശലോമോന്റെ പല്ലക്കുതന്നെ, ഇസ്രായേലിന്റെ സൈനികവീരന്മാരായിരിക്കുന്ന അറുപതു ശ്രേഷ്ഠർ അതിന് അകമ്പടിസേവിക്കുന്നു.
ഉത്തമ ഗീതം 3 : 8 (OCVML)
അവരെല്ലാവരും വാളേന്തിയവരാണ്, എല്ലാവരും യുദ്ധത്തിൽ സമർഥരുമാണ്, ഓരോരുത്തരും രാത്രിയിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് തങ്ങളുടെ വശങ്ങളിൽ വാൾ ധരിച്ചിരിക്കുന്നു.
ഉത്തമ ഗീതം 3 : 9 (OCVML)
ശലോമോൻരാജാവ് തനിക്കായിത്തന്നെ നിർമിച്ച പല്ലക്ക്; ലെബാനോനിൽനിന്ന് ഇറക്കുമതിചെയ്ത മരംകൊണ്ടുതന്നെ അതു നിർമിച്ചു.
ഉത്തമ ഗീതം 3 : 10 (OCVML)
അതിന്റെ തൂണുകൾ വെള്ളികൊണ്ടും നടുവിരിപ്പ് തങ്കംകൊണ്ടും പണിതിരിക്കുന്നു. അതിന്റെ ഇരിപ്പിടം ഊതവർണവുംകൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു, അതിന്റെ ഉള്ളറകൾ ജെറുശലേം പുത്രിമാർ തങ്ങളുടെ പ്രേമം ചേർത്തിണക്കി അലങ്കരിച്ചിരിക്കുന്നു.
ഉത്തമ ഗീതം 3 : 11 (OCVML)
സീയോൻ പുത്രിമാരേ, പുറത്തുവന്നു കാണുക. കിരീടമണിഞ്ഞ ശലോമോൻ രാജാവിനെ കാണുക, അദ്ദേഹത്തിന്റെ വിവാഹനാളിൽ, തന്റെ ഹൃദയം ആനന്ദത്തിലായ സുദിനത്തിൽ, തന്റെ അമ്മ അണിയിച്ച കിരീടത്തോടൊപ്പം കാണുക.

1 2 3 4 5 6 7 8 9 10 11