ഉത്തമ ഗീതം 6 : 1 (OCVML)
തോഴിമാർ സ്ത്രീകളിൽ അതിസുന്ദരീ, നിന്റെ പ്രിയൻ എവിടെപ്പോയിരിക്കുന്നു? നിന്റെ പ്രിയൻ ഏതുവഴിയേ തിരിഞ്ഞു, അവനെ തെരയാൻ നിന്നോടൊപ്പം ഞങ്ങളും ചേരട്ടെയോ?
ഉത്തമ ഗീതം 6 : 2 (OCVML)
യുവതി എന്റെ പ്രിയൻ അവന്റെ ഉദ്യാനത്തിലേക്ക്, സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കുതന്നെ പോയിരിക്കുന്നു, തോട്ടത്തിൽ മേയിക്കുന്നതിനും ശോശന്നപ്പുഷ്പം ശേഖരിക്കുന്നതിനും പോയിരിക്കുന്നു.
ഉത്തമ ഗീതം 6 : 3 (OCVML)
ഞാൻ എന്റെ പ്രിയന്റേതും എന്റെ പ്രിയൻ എന്റേതുമാകുന്നു; അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.* അഥവാ, ആട്ടിൻപറ്റത്തെ മേയിക്കുന്നു
ഉത്തമ ഗീതം 6 : 4 (OCVML)
യുവാവ് എന്റെ പ്രിയേ, നീ തിർസ്സാനഗരംപോലെതന്നെ സൗന്ദര്യമുള്ളവൾ, ജെറുശലേംപോലെ സൗന്ദര്യവതി, കൊടികളേന്തിയ സൈന്യംപോലെ രാജപ്രൗഢിയാർന്നവൾ.
ഉത്തമ ഗീതം 6 : 5 (OCVML)
നിന്റെ കണ്ണ് എന്നിൽനിന്ന് പിൻവലിക്കുക; അവയെന്നെ കീഴടക്കുന്നു. ഗിലെയാദ് മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോലാട്ടിൻപറ്റംപോലെയാണ് നിന്റെ കാർകൂന്തൽ.
ഉത്തമ ഗീതം 6 : 6 (OCVML)
രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന ആട്ടിൻപറ്റംപോലെയാണ് നിന്റെ പല്ലുകൾ. അവയെല്ലാം ഇണക്കുട്ടികൾ; ഒന്നും ഒറ്റയായി കാണപ്പെടുന്നില്ല.
ഉത്തമ ഗീതം 6 : 7 (OCVML)
മൂടുപടത്തിനുള്ളിലുള്ള നിന്റെ കപോലങ്ങൾ മാതളപ്പഴത്തിന്റെ പകുതിപോലെയാണ്.
ഉത്തമ ഗീതം 6 : 8 (OCVML)
അറുപതു രാജ്ഞിമാരും എൺപതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും അവിടെയുണ്ടല്ലോ;
ഉത്തമ ഗീതം 6 : 9 (OCVML)
എന്നാൽ എന്റെ പ്രാവേ, എന്റെ അമലസുന്ദരിയായവൾ ഒരുവൾമാത്രം, അവളുടെ അമ്മയ്ക്ക് ഏകപുത്രിയായവൾ, അവളെ ചുമന്നവൾക്കേറ്റം പ്രിയങ്കരിതന്നെ. യുവതികൾ അവളെ കണ്ട് അനുഗൃഹീത എന്നഭിസംബോധനചെയ്തു; രാജ്ഞിമാരും വെപ്പാട്ടികളും അവളെ പുകഴ്ത്തി.
ഉത്തമ ഗീതം 6 : 10 (OCVML)
തോഴിമാർ അരുണോദയംപോലെ ശോഭിക്കുന്നോരിവൾ ആരാണ്? ചന്ദ്രികപോലെ സുമുഖി, സൂര്യനെപ്പോലെ പ്രഭാവതി, താരഗണങ്ങൾപോലെ പ്രസന്നവതി.
ഉത്തമ ഗീതം 6 : 11 (OCVML)
യുവാവ് ഞാൻ എന്റെ ബദാംവൃക്ഷത്തോപ്പിലേക്ക് ഇറങ്ങിച്ചെന്നു, താഴ്വരയിലെ പുതുമുകുളങ്ങൾ കാണാൻ, മുന്തിരിലതകൾ പുഷ്പിണികളായോ എന്നും മാതളനാരകം പൂത്തുലഞ്ഞോ എന്നും നോക്കുന്നതിനായിത്തന്നെ.
ഉത്തമ ഗീതം 6 : 12 (OCVML)
ഈവക അനുഭൂതി ഞാൻ ആസ്വദിക്കുന്നതിനുമുമ്പേതന്നെ, എന്റെ അഭിലാഷം എന്നെ എന്റെ ജനത്തിന്റെ രാജകീയ രഥവ്യൂഹത്തിലേക്കെത്തിച്ചു.† അഥവാ, അമ്മീനാദാബിന്റെ രഥവ്യൂഹത്തിലേക്ക്; അഥവാ, പ്രഭുക്കന്മാരുടെ രഥവ്യൂഹത്തിലേക്ക്.
ഉത്തമ ഗീതം 6 : 13 (OCVML)
തോഴിമാർ അല്ലയോ ശൂലേംകാരീ, മടങ്ങിവരിക മടങ്ങിവരിക; മടങ്ങിവരിക മടങ്ങിവരിക, ഞങ്ങൾ നിന്നെയൊന്നു കണ്ടുകൊള്ളട്ടെ! യുവാവ് മഹനയീമിലെ നൃത്തത്തെ വീക്ഷിക്കുന്നതുപോലെ ശൂലേംകാരിയെ നിങ്ങൾ എന്തിനു മിഴിച്ചുനോക്കുന്നു?‡ ഈ വാക്യത്തിന്റെ അർഥം വ്യക്തമല്ല.
❮
❯
1
2
3
4
5
6
7
8
9
10
11
12
13