തീത്തൊസ് 2 : 1 (OCVML)
സത്യോപദേശം എന്നാൽ, നിർമലോപദേശത്തിന് യോഗ്യമായതുമാത്രം നീ പഠിപ്പിക്കുക.
തീത്തൊസ് 2 : 2 (OCVML)
നിന്നെക്കാൾ പ്രായമുള്ള പുരുഷന്മാർ സമചിത്തരും ബഹുമാന്യരും ബുദ്ധിപൂർവം പ്രവർത്തിക്കുന്നവരും അചഞ്ചലമായ വിശ്വാസവും സ്നേഹവും സഹിഷ്ണുതയും ഉള്ളവരും ആയിരിക്കാൻ നീ ഉപദേശിക്കുക.
തീത്തൊസ് 2 : 3 (OCVML)
അങ്ങനെതന്നെ, നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളും ജീവിതത്തിൽ നല്ല പെരുമാറ്റമുള്ളവരും പരദൂഷണം പറയാത്തവരും മദ്യപിക്കാത്തവരും നല്ലതു പഠിപ്പിക്കുന്നവരുമായിരിക്കാൻ ഉപദേശിക്കുക.
തീത്തൊസ് 2 : 4 (OCVML)
ദൈവവചനം അപകീർത്തിപ്പെടാതെ ഇരിക്കേണ്ടതിന് സ്വന്തം ഭർത്താക്കന്മാരെയും മക്കളെയും സ്നേഹിക്കുന്നവരും
തീത്തൊസ് 2 : 5 (OCVML)
ആത്മനിയന്ത്രണമുള്ളവരും നിർമലരും വീട്ടുകാര്യങ്ങൾ നന്നായി നോക്കുന്നവരും ദയാശീലരും തങ്ങളുടെ ഭർത്താക്കന്മാർക്കു വിധേയപ്പെടുന്നവരും ആയിരിക്കാൻ യുവതികളെ പ്രോത്സാഹിപ്പിക്കുക.
തീത്തൊസ് 2 : 6 (OCVML)
അതുപോലെതന്നെ, യുവാക്കന്മാരെയും അവർ ആത്മനിയന്ത്രണമുള്ളവരായിരിക്കാൻ പ്രോത്സാഹിപ്പിക്കുക.
തീത്തൊസ് 2 : 7 (OCVML)
സകലസൽപ്രവൃത്തികൾക്കും നീ മാതൃക കാണിക്കുക. നിന്റെ ഉപദേശങ്ങൾ നിർവ്യാജവും ഗൗരവമേറിയതും
തീത്തൊസ് 2 : 8 (OCVML)
നിന്റെ സംഭാഷണം അപവാദങ്ങൾക്കിടവരുത്താത്തതും ആയിരിക്കണം. അപ്പോൾ എതിരാളികൾ നമ്മിൽ ഒരു അധാർമികതയും ആരോപിക്കാൻ അവസരമില്ലാതെ ലജ്ജിതരാകും.
തീത്തൊസ് 2 : 9 (OCVML)
അടിമകൾ തങ്ങളുടെ യജമാനന്മാർക്ക് എല്ലാറ്റിലും വിധേയരായിരിക്കണം. യജമാനന്മാരെ പ്രീതിപ്പെടുത്തുന്നവരും എതിരുപറയാത്തവരും ആയിരിക്കണം.
തീത്തൊസ് 2 : 10 (OCVML)
ധനം അപഹരിക്കാതെ, നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ഉപദേശത്തിന് എല്ലാ ബഹുമതിയും ലഭിക്കത്തക്കവിധം സകലത്തിലും നല്ല വിശ്വസ്തത പുലർത്താനും അവരെ പ്രോത്സാഹിപ്പിക്കുക.
തീത്തൊസ് 2 : 11 (OCVML)
സകലമനുഷ്യരുടെയും രക്ഷയ്ക്കായി ദൈവകൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
തീത്തൊസ് 2 : 12 (OCVML)
ഭക്തിയില്ലായ്മയും ലൗകികമോഹങ്ങളും ഉപേക്ഷിച്ച്, ഈ കാലഘട്ടത്തിൽ ആത്മനിയന്ത്രണവും നീതിയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാൻ അത് നമ്മെ അഭ്യസിപ്പിക്കുന്നു.
തീത്തൊസ് 2 : 13 (OCVML)
അനുഗൃഹീത പ്രത്യാശയ്ക്കായും ഉന്നതനായ നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്ത്വപ്രത്യക്ഷതയ്ക്കായും നാം കാത്തിരിക്കുന്നു.
തീത്തൊസ് 2 : 14 (OCVML)
അവിടന്ന് നമ്മെ എല്ലാ ദുഷ്ടതകളിൽനിന്നും വിമോചിതരാക്കാനും സൽപ്രവൃത്തികൾ ചെയ്യുന്നതിൽ അത്യുത്സാഹമുള്ള ഒരു ജനതതിയെ തനിക്കായി ശുദ്ധീകരിക്കാനുംവേണ്ടി സ്വയം സമർപ്പിച്ചു.
തീത്തൊസ് 2 : 15 (OCVML)
നീ ഇവ പ്രസംഗിക്കുകയും ഉദ്ബോധിപ്പിക്കുകയും പൂർണഅധികാരത്തോടെ ശാസിക്കുകയുംചെയ്യുക. ആരും നിന്നെ ആക്ഷേപിക്കാതിരിക്കട്ടെ.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15