ഉല്പത്തി അദ്ധ്യായം 45
1. അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താൻ അടക്കുവാൻ വഹിയാതെ: എല്ലാവരെയും എന്റെ അടുക്കൽ നിന്നു പുറത്താക്കുവിൻ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ ആരും അടുക്കൽ ഉണ്ടായിരുന്നില്ല.
2. അവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു.
3. യോസേഫ് സഹോദരന്മാരോടു: ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല.
4. യോസേഫ് സഹോദരന്മാരോടു: ഇങ്ങോട്ടു അടുത്തുവരുവിൻ എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞതു; നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.
5. എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു.
6. ദേശത്തു ക്ഷാമം ഉണ്ടായിട്ടു ഇപ്പോൾ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ടു.
7. ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചിരിക്കുന്നു.
8. ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവൻ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.
9. നിങ്ങൾ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കൽ വരേണം.
10. നീ ഗോശെൻ ദേശത്തു പാർത്തു എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ.
11. നിനക്കും കുടുംബത്തിന്നും നിനക്കുള്ള സകലത്തിന്നും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നില്ക്കും.
12. ഇതാ, ഞാൻ തന്നേ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.
13. മിസ്രയീമിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരികയും വേണം.
14. അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.
15. അവൻ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സല്ലാപിച്ചു.
16. യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള കേൾവി ഫറവോന്റെ അരമനയിൽ എത്തി; അതു ഫറവോന്നും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി.
17. ഫറവോൻ യോസേഫിനോടു പറഞ്ഞതു: നിന്റെ സഹോദരന്മാരോടു നീ പറയേണ്ടതു എന്തെന്നാൽ: നിങ്ങൾ ഇതു ചെയ്‍വിൻ: നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടുകയറ്റി പുറപ്പെട്ടു കനാൻ ദേശത്തു ചെന്നു നിങ്ങളുടെ
18. അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ടു എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും.
19. നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടതു: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി മിസ്രയീംദേശത്തു നിന്നു രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം.
20. നിങ്ങളുടെ സാമാനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതു ആകുന്നു.
21. യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെ തന്നേ ചെയ്തു; യേസേഫ് അവർക്കു ഫറവോന്റെ കല്പന പ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.
22. അവരിൽ ഓരോരുത്തന്നു ഓരോ വസ്ത്രവും ബെന്യാമീന്നോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.
23. അങ്ങനെ തന്നേ അവൻ തന്റെ അപ്പന്നു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷ സാധനങ്ങളും പത്തു പെൺകഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയറ്റി അയച്ചു.
24. അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: നിങ്ങൾ വഴിയിൽ വെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു.
25. അവർ മിസ്രയീമിൽ നിന്നു പുറപ്പെട്ടു കനാൻ ദേശത്തു അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി.
26. അവനോടു: യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല.
27. യോസേഫ് തങ്ങളോടു പറഞ്ഞവാക്കുകളൊക്കെയും അവർ അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാൻ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിന്നു വീണ്ടും ചൈതന്യം വന്നു.
28. മതി; എന്റെ മകൻ യേസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പെ അവനെ പോയി കാണും എന്നു യിസ്രായേൽ പറഞ്ഞു.