ലേവ്യപുസ്തകം അദ്ധ്യായം 20
1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2. നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽമക്കളിലോ യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലെക്കിന്നു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം.
3. അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ടു ഞാൻ അവന്റെ നേരെ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
4. അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുക്കുമ്പോൾ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടെച്ചുകളഞ്ഞാൽ
5. ഞാൻ അവനും കുടുംബത്തിന്നും നേരെ ദൃഷ്ടിവെച്ചു അവനെയും അവന്റെ പിന്നാലെ മോലെക്കിനോടു പരസംഗം ചെയ്‍വാൻ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും.
6. വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്‍വാൻ പോകുന്നവന്റെ നേരെയും ഞാൻ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
7. ആകയാൽ നിങ്ങൾ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
8. എന്റെ ചട്ടങ്ങൾ പ്രമാണിച്ചു ആചരിപ്പിൻ; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
9. അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; അവൻ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെ മേൽ ഇരിക്കും.
10. ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം.
11. അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണ ശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
12. ഒരുത്തൻ മരുമകളോടുകൂടെ ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവർ നികൃഷ്ട കർമ്മം ചെയ്തു; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും.
13. സ്ത്രീയോടുകൂടെ ശയിക്കുന്നതു പോലെ ഒരുത്തൻ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ളേച്ഛത ചെയ്തു; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
14. ഒരു പുരുഷൻ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാൽ അതു ദുഷ്കർമ്മം; നിങ്ങളുടെ ഇടയിൽ ദുഷ്കർമ്മം ഇല്ലാതിരിക്കേണ്ടതിന്നു അവനെയും അവരെയും തീയിൽ ഇട്ടു ചുട്ടുകളയേണം.
15. ഒരു പുരുഷൻ മൃഗത്തോടുകൂടെ ശയിച്ചാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം.
16. ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേർന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
17. ഒരു പുരഷൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ചു അവളുടെ നഗ്നത കാണുകയും അവൾ അവന്റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽവെച്ചു തന്നേ സംഹരിച്ചുകളയേണം; അവൻ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവൻ തന്റെ കുറ്റം വഹിക്കും.
18. ഒരു പുരുഷൻ ഋതുവായ സ്ത്രീയോടുകൂടെ ശയിച്ചു അവളുടെ നഗ്നത അനാവൃതമാക്കിയാൽ അവൻ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം.
19. നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുതു; അങ്ങനെത്തവൻ തന്റെ അടുത്ത ചാർച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവർ തങ്ങളുടെ കുറ്റം വഹിക്കും.
20. ഒരു പുരുഷൻ ഇളയപ്പന്റെ ഭാര്യയോടുകൂടെ ശയിച്ചാൽ അവൻ ഇളയപ്പന്റെ നഗ്നത അനാവൃതമാക്കി; അവർ തങ്ങളുടെ പാപം വഹിക്കും; അവർ സന്തതിയില്ലാത്തവരായി മരിക്കേണം.
21. ഒരുത്തൻ സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ചാൽ അതു മാലിന്യം; അവൻ സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവർ സന്തതിയില്ലാത്തവർ ആയിരിക്കേണം.
22. ആകയാൽ നിങ്ങൾ കുടിയിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛർദ്ദിച്ചുകളയാതിരിപ്പാൻ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം.
23. ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുതു; ഈ കാര്യങ്ങളെ ഒക്കെയും ചെയ്തതുകൊണ്ടു അവർ എനിക്കു അറെപ്പായി തീർന്നു.
24. നിങ്ങൾ അവരുടെ ദേശത്തെ കൈവശമാക്കും എന്നു ഞാൻ നിങ്ങളോടു കല്പിച്ചുവല്ലോ; പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങൾ കൈവശമാക്കേണ്ടതിന്നു ഞാൻ അതിനെ നിങ്ങൾക്കു തരും; ഞാൻ നിങ്ങളെ ജാതികളിൽനിന്നു വേറുതിരിച്ചവനായി നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;
25. ആകയാൽ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങൾ വ്യത്യാസം വെക്കേണം; ഞാൻ നിങ്ങൾക്കു അശുദ്ധമെന്നു വേറുതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്തു ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നേ അറെപ്പാക്കരുതു.
26. നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ജാതികളിൽ നിന്നു വേറുതിരിച്ചിരിക്കുന്നു.
27. വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷൻ ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലെറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും.