1. [PS]യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ട് അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്ക് ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.
2. യെഹൂദാ തന്റെ സഹോദരന്മാരെക്കാൾ പ്രബലനായ്തീർന്നു; അവനിൽനിന്ന് പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന് ലഭിച്ചു.
3. യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, പല്ലൂ, ഹെസ്രോൻ, കർമ്മി.
4. യോവേലിന്റെ പുത്രന്മാർ: അവന്റെ മകൻ ശെമയ്യാവ്; അവന്റെ മകൻ ഗോഗ്; അവന്റെ മകൻ ശിമെയി; അവന്റെ മകൻ മീഖാ;
5. അവന്റെ മകൻ രെയായാവ്; അവന്റെ മകൻ ബാൽ;
6. അവന്റെ മകൻ ബെയേര; അവനെ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ തടവുകാരനായി കൊണ്ടുപോയി; അവൻ രൂബേന്യരിൽ തലവനായിരുന്നു.
7. അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലം കുലമായി അവന്റെ സഹോദരന്മാർ ആരെന്നാൽ: തലവനായ യയീയേൽ,
8. സെഖര്യാവ്, അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.
9. അവരുടെ കന്നുകാലികൾ ഗിലെയാദ്‌ദേശത്ത് വർദ്ധിച്ചിരുന്നതുകൊണ്ട് അവർ കിഴക്കോട്ട് ഫ്രാത്ത് നദിമുതൽ മരുഭൂമിവരെ താമസിച്ചു.
10. ശൗലിന്റെ കാലത്ത് അവർ ഹഗ്രീയരോട് യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ കൊല്ലപ്പെട്ടശേഷം അവർ ഗിലെയാദിന് കിഴക്ക് എല്ലാടവും കൂടാരം അടിച്ച് താമസിച്ചു. [PE]
11. [PS]ഗാദിന്റെ പുത്രന്മാർ അവർക്ക് എതിരെ ബാശാൻദേശത്ത് സൽകാവരെ താമസിച്ചു.
12. തലവനായ യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.
13. അവരുടെ പിതൃഭവനത്തിലെ സഹോദരന്മാർ: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ ഇങ്ങനെ ഏഴുപേർ.
14. ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;
15. അവൻ ബൂസിന്റെ മകൻ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു.
16. അവർ ഗിലെയാദിലെ ബാശാനിലും, അതിന്റെ പട്ടണങ്ങളിലും ശാരോനിലെ എല്ലാപുല്പുറങ്ങളുടെയും അതിർവരെ താമസിച്ചു.
17. ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേൽരാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു. [PE]
18. [PS]രൂബേൻ, ഗാദ് എന്നീ ഗോത്രങ്ങളിലും മനശ്ശെയുടെ പാതി ഗോത്രത്തിലുമായി നാല്പത്തിനാലായിരത്തെഴുനൂറ്ററുപത് പടയാളികൾ ഉണ്ടായിരുന്നു. അവർ ധൈര്യമുള്ളവരും, വാളും പരിചയും എടുക്കാനും, വില്ലുകുലെച്ച് എയ്യുവാനും പ്രാപ്തിയുള്ളവരും യുദ്ധസാമർത്ഥ്യമുള്ളവരും ആയിരുന്നു.
19. അവർ ഹഗ്രീയരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധംചെയ്തു.
20. ദൈവത്തിൽ നിന്ന് അവർക്ക് സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോട് നിലവിളിച്ച് അവനിൽ ആശ്രയം വെച്ചതുകൊണ്ട് അവൻ അവരുടെ പ്രാർത്ഥന കേട്ട് ഉത്തരമരുളി.
21. അവർ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആട്, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.
22. യുദ്ധം ദൈവഹിതത്താൽ ഉണ്ടായതുകൊണ്ട് അധികംപേർ കൊല്ലപ്പെട്ടവരായി വീണു. അവർ പ്രവാസകാലംവരെ അവിടെ താമസിച്ചു. [PE]
23. [PS]മനശ്ശെയുടെ പാതിഗോത്രക്കാർ ബാശാൻ മുതൽ ബാൽ-ഹെർമ്മോനും, സെനീരും, ഹെർമ്മോൻ പർവ്വതവും വരെ താമസിച്ചിരുന്നു.അവർ വർദ്ധിച്ചുവന്നു.
24. അവരുടെ പിതൃഭവനങ്ങളുടെ തലവന്മാർ: ഏഫെർ, യിശി, എലീയേൽ, അസ്ത്രീയേൽ, യിരെമ്യാവ്, ഹോദവ്യാവ്, യഹദീയേൽ; അവർ ധൈര്യമുള്ളവരും പ്രസിദ്ധരും തങ്ങളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരും ആയിരുന്നു. [PE]
25. [PS]എന്നാൽ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോട് അവിശ്വസ്തരായിരുന്നു. ദൈവം അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരെ ആരാധിച്ചു.
26. ആകയാൽ യിസ്രായേലിന്റെ ദൈവം അശ്ശൂർരാജാക്കന്മാരായ പൂലിന്റെയും - തിഗ്ലത്ത്-പിൽനേസറിന്റെ -മനസ്സുണർത്തി; അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ച് ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേയ്ക്കും കൊണ്ടുപോയി; അവിടെ അവർ ഇന്നുവരെയും താമസിക്കുന്നു. [PE]