1. അതിനുശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരിൽ ചിലരും യെഹോശാഫാത്തിനോട് യുദ്ധം ചെയ്യുവാൻ വന്നു.
2. അപ്പോൾ ചിലർ വന്ന് യെഹോശാഫാത്തിനോട്: “വലിയോരു ജനസമൂഹം കടലിനക്കരെയുള്ള, അരാമിൽനിന്ന് നിനക്കെതിരെ വരുന്നു; ഇപ്പോൾ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ട്” എന്ന് അറിയിച്ചു.
3. യെഹോശാഫാത്ത് ഭയപ്പെട്ട് യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ട് യെഹൂദയിൽ മുഴുവൻ ഒരു ഉപവാസം പ്രസിദ്ധം ചെയ്തു.
4. യഹോവയോട് സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകല യെഹൂദാ നഗരങ്ങളിൽ നിന്നും അവർ യഹോവയെ അന്വേഷിപ്പാൻ വന്നു.
5. യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞതെന്തെന്നാൽ:
6. “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജനതകളുടെ സകലരാജ്യങ്ങളും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പ്രാപ്തിയും നിനക്കുണ്ടല്ലോ.
7. ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശനിവാസികളെ നീക്കിക്കളഞ്ഞ് അത് നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്ക് ശാശ്വതമായി കൊടുത്തുവല്ലോ.
8. അവർ അതിൽ പാർത്തു; ‘ന്യായവിധിയുടെ വാൾ, പകർച്ചവ്യാധി, ക്ഷാമം എന്നിങ്ങനെയുള്ള അനർത്ഥങ്ങൾ ഞങ്ങൾക്കു വരുമ്പോൾ, ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്ന് -നിന്റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ- ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും’ എന്ന് പറഞ്ഞു.
9. ആ ദേശത്ത് തിരുനാമത്തിനു വേണ്ടി ഒരു വിശുദ്ധമന്ദിരം പണിയുകയും ചെയ്തു.
10. യിസ്രായേൽജനം ഈജിപ്റ്റിൽനിന്ന് വരുമ്പോൾ അവർ അമ്മോന്യരേയും മോവാബ്യരേയും സേയീർപർവ്വതക്കാരെയും ആക്രമിപ്പാൻ നീ അനുവാദം കൊടുത്തില്ലല്ലോ; അവർ അവരെ നശിപ്പിക്കാതെ വിട്ടുമാറി.
11. ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശ ദേശത്തിൽനിന്ന് ഞങ്ങളെ നീക്കിക്കളവാൻ അവർ വന്ന് ഞങ്ങൾക്കു ഇങ്ങനെ പ്രതിഫലം തരുന്നു.
12. ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്ക് ശക്തിയില്ല; എന്ത് ചെയ്യേണ്ടു എന്ന് ഞങ്ങൾ അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്ക് തിരിഞ്ഞിരിക്കുന്നു.”
13. അങ്ങനെ യെഹൂദ്യർ എല്ലാം അവരുടെ ഭാര്യമാരോടും കുഞ്ഞുകുട്ടികളോടും കൂടെ യഹോവയുടെ സന്നിധിയിൽ നിന്നു.
14. അപ്പോൾ സഭാമദ്ധ്യേവെച്ച് യഹോവയുടെ ആത്മാവ് ആസാഫിന്റെ പുത്രന്മാരിൽ മത്ഥന്യാവിന്റെ മകനായ യെയീയേലിന്റെ മകനായ ബെനായാവിന്റെ മകനായ സെഖര്യാവിന്റെ മകൻ യഹസീയേൽ എന്ന ഒരു ലേവ്യന്റെമേൽ വന്നു.
15. അവൻ പറഞ്ഞത് എന്തെന്നാൽ: “യെഹൂദ്യരെ, യെരൂശലേംനിവാസികളെ, യെഹോശാഫാത്ത് രാജാവേ!കേട്ടാലും; യഹോവ ഇപ്രകാരം നിങ്ങളോട് അരുളിച്ചെയ്യുന്നു: ‘ഈ വലിയ സമൂഹംനിമിത്തം ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ.’
16. നാളെ അവരുടെ നേരെ ചെല്ലുക; ഇതാ, അവർ സീസ് കയറ്റം കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽ മരുഭൂമിക്കു മുമ്പുള്ള തോടിന്റെ അറ്റത്തുവെച്ച് കാണും.
17. ഈ യുദ്ധത്തിൽ നിങ്ങൾ പോരാടേണ്ട ആവശ്യം ഇല്ല; യെഹൂദാ -യെരൂശലേം നിവാസികളെ, നിങ്ങൾ സ്വസ്ഥമായി നിന്ന് യഹോവ നിങ്ങൾക്ക് വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; നാളെ അവരുടെ നേരെ ചെല്ലുവിൻ; യഹോവ നിങ്ങളോടുകൂടെ ഉണ്ട്.”
18. അപ്പോൾ യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യരും യെരൂശലേം നിവാസികളും യഹോവയുടെ മുമ്പാകെ വീണ് നമസ്കരിച്ചു.
19. കെഹാത്യരും കോരഹ്യരുമായ ലേവ്യർ യിസ്രായേലിന്റെ ദൈവമായ യഹോവയെ അത്യുച്ചത്തിൽ സ്തുതിപ്പാൻ എഴുന്നേറ്റു.
20. പിന്നെ അവർ അതികാലത്ത് എഴുന്നേറ്റ് തെക്കോവ മരുഭൂമിയിലേക്ക് പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യെഹോശാഫാത്ത് അവരുടെ മുമ്പിൽ നിന്നുകൊണ്ട്: “യെഹൂദ്യരേ, യെരൂശലേംനിവാസികളേ, എന്റെ വാക്ക് ശ്രദ്ധിപ്പിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും” എന്ന് പറഞ്ഞു.
21. പിന്നെ അവൻ ജനത്തോട് ആലോചിച്ച ശേഷം, വിശുദ്ധമായ അലങ്കാര വസ്ത്രം ധരിച്ച് സൈന്യത്തിന് മുമ്പിൽ നടന്നുകൊണ്ട് വാഴ്ത്തുവാനും, “യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ“ എന്ന് പാടുവാനും സംഗീതക്കാരെ നിയമിച്ചു.
22. അവർ പാടി സ്തുതിച്ചുതുടങ്ങിയപ്പോൾ, യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി.
23. അമ്മോന്യരും മോവാബ്യരും സേയീർപർവ്വതനിവാസികളോട് എതിർത്ത് അവരെ പൂർണമായി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു.
24. യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്ത് ശവങ്ങളായി കിടക്കുന്നത് കണ്ടു; ഒരുത്തനും രക്ഷപെട്ടിരുന്നില്ല.
25. യെഹോശാഫാത്തും അവന്റെ പടയാളികളും അവരെ കൊള്ളയിടുവാൻ വന്നപ്പോൾ അവരുടെ ഇടയിൽ ധാരാളം സമ്പത്തും വസ്ത്രങ്ങളും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങൾക്ക് ചുമപ്പാൻ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള മുതൽ വളരെയായിരുന്നതുകൊണ്ട് അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു.
26. നാലാം ദിവസം അവർ ബെരാഖാ താഴ്വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ യഹോവെക്കു സ്തോത്രം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ബെരാഖാതാഴ്വര എന്ന് പേർ പറഞ്ഞുവരുന്നു.
27. യഹോവ അവർക്ക് ശത്രുക്കളുടെമേൽ ജയഘോഷം നല്കിയതുകൊണ്ട് യെഹൂദ്യരും യെരൂശലേമ്യരും യെഹോശാഫാത്തിന്റെ പിന്നാലെ സന്തോഷത്തോടെ യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു;
28. അവർ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്ക് ചെന്നു.
29. യഹോവ യിസ്രായേലിന്റെ ശത്രുക്കളോട് യുദ്ധം ചെയ്തു എന്നു കേട്ടപ്പോൾ ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വന്നു.
30. ഇങ്ങനെ തന്റെ ദൈവം നാലു ചുറ്റും അവന് സ്വസ്തത നല്കിയതുകൊണ്ട് യെഹോശാഫാത്തിന്റെ ഭരണകാലം സമാധാനപൂർണമായിരുന്നു. [PE][PS]
31. യെഹോശാഫാത്ത് യെഹൂദയിൽ രാജാവായി വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അസൂബാ എന്ന് പേരായിരുന്നു; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു.
32. അവൻ തന്റെ അപ്പനായ ആസയുടെ വഴിയിൽ നടന്ന്, അത് വിട്ടുമാറാതെ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു.
33. എങ്കിലും പൂജാഗിരികൾക്ക് നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയം പിതാക്കന്മാരുടെ ദൈവത്തിങ്കലേക്ക് തിരിച്ചതുമില്ല.
34. യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ ചേർത്തിരിക്കുന്ന ഹനാനിയുടെ മകനായ യെഹൂവിന്റെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നുവല്ലോ. [PE][PS]
35. അതിനുശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ അഹസ്യാവോട് സഖ്യതയിൽ ഏർപ്പെട്ടു. അഹസ്യാവ് മഹാ ദുഷ്പ്രവൃത്തിക്കാരനായിരുന്നു.
36. അവൻ തർശീശിലേക്ക് പോകാൻ കപ്പലുകൾ ഉണ്ടാക്കുന്നതിനായി അവനോട് യോജിച്ചു; അവർ എസ്യോൻ-ഗേബെരിൽവെച്ച് കപ്പലുകളുണ്ടാക്കി.
37. എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസെർ യെഹോശാഫാത്തിന് വിരോധമായി പ്രവചിച്ചു: “നീ അഹസ്യാവിനോട് സഖ്യത ചെയ്തതുകൊണ്ട് യഹോവ നിന്റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു” എന്ന് പറഞ്ഞു. കപ്പലുകൾ തർശീശിലേക്കു പോകുവാൻ കഴിയാതെ തകർന്നുപോയി. [PE]