1. [PS]ദാനീയേൽ എന്ന എനിക്ക് ആദ്യം ഉണ്ടായ ദർശനത്തിനു ശേഷം, ബേൽശസ്സർരാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ വീണ്ടും ഒരു ദർശനം ഉണ്ടായി.
2. ഞാൻ ഈ ദർശനം കണ്ടത്, ഏലാംസംസ്ഥാനത്തിലെ ശൂശൻരാജധാനിയിൽ ആയിരുന്നപ്പോൾ ആയിരുന്നു; ഞാൻ ഊലായി നദീതീരത്ത് നില്ക്കുന്നതായി ദർശനത്തിൽ കണ്ടു.
3. ഞാൻ തലപൊക്കി നോക്കിയപ്പോൾ, രണ്ടു കൊമ്പുകളുള്ള ഒരു ആട്ടുകൊറ്റൻ നദീതീരത്ത് നില്ക്കുന്നത് കണ്ടു; ആ കൊമ്പുകൾ രണ്ടും നീളമുള്ളവയായിരുന്നു; ഒന്ന് മറ്റേതിനെക്കാൾ അധികം നീളമുള്ളത്; അധികം നീളമുള്ളത് ഒടുവിൽ മുളച്ചുവന്നതായിരുന്നു.
4. ആ ആട്ടുകൊറ്റൻ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നത് ഞാൻ കണ്ടു; ഒരു മൃഗത്തിനും അതിന്റെ മുമ്പാകെ നില്ക്കുവാൻ കഴിഞ്ഞില്ല; അതിന്റെ കൈയിൽനിന്ന് രക്ഷിക്കുവാൻ കഴിയുന്നവനും ആരുമില്ലായിരുന്നു; അത് ഇഷ്ടംപോലെ പ്രവർത്തിച്ച് മഹാനായിത്തീർന്നു.
5. ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ, ഒരു കോലാട്ടുകൊറ്റൻ പടിഞ്ഞാറു നിന്ന് നിലം തൊടാതെ സർവ്വഭൂതലത്തിലും കൂടെ വന്നു; ആ കോലാട്ടുകൊറ്റന് കണ്ണുകളുടെ നടുവിൽ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.
6. അത് നദീതീരത്തു നില്ക്കുന്നതായി ഞാൻ കണ്ട രണ്ടു കൊമ്പുകളുള്ള ആട്ടുകൊറ്റന്റെ നേരെ ഉഗ്രക്രോധത്തോടെ പാഞ്ഞുചെന്നു.
7. അത് ആട്ടുകൊറ്റനോട് അടുക്കുന്നത് ഞാൻ കണ്ടു; അത് ആട്ടുകൊറ്റനോട് ക്രുദ്ധിച്ച്, അതിനെ ഇടിച്ച് അതിന്റെ കൊമ്പ് രണ്ടും തകർത്തുകളഞ്ഞു; അതിന്റെ മുമ്പിൽ നില്ക്കുവാൻ ആട്ടുകൊറ്റന് ശക്തിയില്ലായിരുന്നു; അത് ആട്ടുകൊറ്റനെ നിലത്ത് തള്ളിയിട്ട് ചവിട്ടിക്കളഞ്ഞു; അതിന്റെ കൈയിൽനിന്ന് ആട്ടുകൊറ്റനെ രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല.
8. കോലാട്ടുകൊറ്റൻ ഏറ്റവും വലിപ്പമുള്ളതായിത്തീർന്നു; എന്നാൽ അത് ബലപ്പെട്ടപ്പോൾ വലിയ കൊമ്പ് തകർന്നുപോയി; അതിനു പകരം ആകാശത്തിലെ നാലു കാറ്റിനു നേരെ ഭംഗിയുള്ള നാല് കൊമ്പുകൾ മുളച്ചുവന്നു.
9. അവയിൽ ഒന്നിൽനിന്ന് ഒരു ചെറിയ കൊമ്പ് പുറപ്പെട്ടു; അത് തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിന് നേരെയും ഏറ്റവും വലുതായിത്തീർന്നു.
10. അത് ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീർന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്ത് തള്ളിയിട്ട് ചവിട്ടിക്കളഞ്ഞു.
11. അത് സൈന്യത്തിന്റെ അധിപതിയോളം തന്നെത്താൻ ഉയർത്തി, അവനുള്ള നിരന്തരഹോമയാഗം അപഹരിക്കുകയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളയുകയും ചെയ്തു.
12. അതിക്രമം നിമിത്തം നിരന്തരഹോമയാഗത്തിനെതിരെ ഒരു സേന നിയമിക്കപ്പെടും; അത് സത്യം നിലത്ത് തള്ളിയിട്ടു.അവൻ ഇതെല്ലാം നടത്തി വിജയിക്കുകയും ചെയ്യും.
13. അനന്തരം ഒരു വിശുദ്ധദൂതൻ സംസാരിക്കുന്നത് ഞാൻ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധദൂതനോട് മറ്റൊരു ദൂതൻ: “വിശുദ്ധമന്ദിരത്തെയും സേനയെയും ചവിട്ടിക്കളയേണ്ടതിന് ഏല്പിച്ചുകൊടുക്കുവാൻ തക്കവിധം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ച് ദർശനത്തിൽ കണ്ടത് എത്ര കാലത്തേക്കുള്ളതാണ്” എന്ന് ചോദിച്ചു.
14. അതിന് അവൻ മറ്റെ ദൂതനോട്: “രണ്ടായിരത്തിമുന്നൂറ് സന്ധ്യകളും ഉഷസ്സുകളും തികയുവോളം തന്നെ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.”
15. എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ട് അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നത് കണ്ടു.
16. “ഗബ്രീയേലേ, ഇവന് ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്കുക” എന്ന് ഊലായിതീരത്തുനിന്ന് വിളിച്ചുപറയുന്ന ഒരു മനുഷ്യന്റെ ശബ്ദം ഞാൻ കേട്ടു.
17. അപ്പോൾ ഞാൻ നിന്നിടത്ത് അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ട് സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോട്: “മനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്ളുക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു” എന്ന് പറഞ്ഞു.
18. അവൻ എന്നോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ഗാഢനിദ്രയിലായി നിലത്ത് കവിണ്ണു വീണു; അവൻ എന്നെ തൊട്ട് എഴുന്നേല്പിച്ചുനിർത്തി.
19. പിന്നെ അവൻ പറഞ്ഞത്: “ക്രോധത്തിന്റെ അവസാന കാലത്ത് സംഭവിക്കുവാനിരിക്കുന്നത് ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അത് അന്ത്യകാലത്തേക്കുള്ളതാണല്ലോ.
20. നീ കണ്ട രണ്ടുകൊമ്പുള്ള ആട്ടുകൊറ്റൻ പാർസ്യരാജാക്കന്മാരെ കുറിക്കുന്നു.
21. പരുക്കനായ കോലാട്ടുകൊറ്റൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പ് ഒന്നാമത്തെ രാജാവും ആകുന്നു.
22. അത് തകർന്ന ശേഷം അതിന്റെ സ്ഥാനത്ത് നാലു കൊമ്പുകൾ മുളച്ചതോ, നാലു രാജ്യങ്ങൾ ആ രാജ്യത്തിൽനിന്ന് ഉത്ഭവിക്കും; അത്രത്തോളം ശക്തിയുള്ളവ അല്ലതാനും.
23. എന്നാൽ അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്ത് അതിക്രമക്കാരുടെ അതിക്രമം തികയുമ്പോൾ, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ള ഒരു രാജാവ് എഴുന്നേല്ക്കും.
24. അവന്റെ അധികാരം വലുതായിരിക്കും; സ്വന്തശക്തിയാൽ അല്ലതാനും; അവൻ അതിശയമാംവണ്ണം നാശം പ്രവർത്തിക്കുകയും കൃതാർത്ഥനായിത്തീരുകയും ചെയ്യും.അവൻ വീരന്മാരെയും വിശുദ്ധജനത്തെയും നശിപ്പിക്കുകയും ചെയ്യും.
25. അവൻ നയതന്ത്രത്താൽ തന്റെ ഭരണകാലത്ത് വഞ്ചന വളർത്തുകയും ഹൃദയത്തിൽ നിഗളിച്ച്, മുന്നറിയിപ്പില്ലാതെ പലരെയും നശിപ്പിക്കുകയും കർത്താധികർത്താവിനോട് എതിർത്ത് നില്ക്കുകയും ചെയ്യും.എന്നാൽ അവൻ മാനുഷകരങ്ങളാൽ അല്ലാതെ തകർന്നുപോകുകയും ചെയ്യും.
26. സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ച് പറഞ്ഞുതന്ന ദർശനം സത്യമാകുന്നു; ദർശനം ബഹുകാലത്തേക്കുള്ളതാകയാൽ അത് മുദ്രവയ്ക്കുക.
27. എന്നാൽ ദാനീയേലെന്ന ഞാൻ ബോധരഹിതനായി, കുറെ ദിവസങ്ങൾ രോഗിയായിക്കിടന്നു; അതിന്റെ ശേഷം ഞാൻ എഴുന്നേറ്റ് രാജാവിന്റെ കാര്യാദികൾ നോക്കി; ഞാൻ ദർശനത്തെക്കുറിച്ച് വിസ്മയിച്ചു; ആർക്കും അത് മനസ്സിലായില്ലതാനും. [PE]