1. [PS]ഹിസ്കീയാരാജാവ് അതു കേട്ടപ്പോൾ വസ്ത്രം കീറി ചാക്കുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു.
2. പിന്നെ അവൻ രാജധാനിവിചാരകൻ എല്യാക്കീമിനെയും രായസക്കാരൻ ശെബ്നയെയും പുരോഹിതന്മാരിൽ മൂപ്പന്മാരെയും ചാക്കുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു.
3. അവർ അവനോടു പറഞ്ഞത്: “ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ‘ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമത്രേ; കുഞ്ഞുങ്ങൾ ജനിക്കാറായിരിക്കുന്നു; പ്രസവിക്കുവാനോ ശക്തിയില്ല.
4. ജീവനുള്ള ദൈവത്തെ നിന്ദിക്കുവാൻ രബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവ് അയച്ചു പറയിക്കുന്ന വാക്ക് നിന്റെ ദൈവമായ യഹോവ പക്ഷേ കേൾക്കും; നിന്റെ ദൈവമായ യഹോവ കേട്ടിരിക്കുന്ന വാക്കിനു പ്രതികാരം ചെയ്യും; അതിനാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കുവേണ്ടി പക്ഷവാദം കഴിക്കണമേ.’ ”
5. ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ യെശയ്യാവ് അവരോടു പറഞ്ഞത്:
6. “നിങ്ങൾ നിങ്ങളുടെ യജമാനനോടു പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കു നിമിത്തം ഭയപ്പെടണ്ടാ.
7. ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി[* ശ്രുതി കിംവദന്തി എന്നുമാകാം. ] കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ടു വീഴുമാറാക്കും.’ ”
8. രബ്-ശാക്കേ മടങ്ങിച്ചെന്ന് അശ്ശൂർരാജാവ് ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവൻ ലാക്കീശ് വിട്ടുപോയി എന്ന് അവൻ കേട്ടിരുന്നു.
9. എന്നാൽ കൂശ്രാജാവായ തിർഹാക്ക തന്റെ നേരെ യുദ്ധംചെയ്യുവാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ട് അശ്ശൂർരാജാവായ സൻഹേരീബ് ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു കല്പിച്ചത്:
10. “നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടത്: ‘ “യെരൂശലേം അശ്ശൂർരാജാവിന്റെ കൈയിൽ ഏല്പിച്ചുകളയുകയില്ല” എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുത്.
11. അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളോടും ചെയ്തതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ വിടുവിക്കപ്പെടുമോ?
12. ഗോസാൻ, ഹാരാൻ, രേസെഫ, തെലസ്സാരിലെ ഏദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചുകളഞ്ഞ ജനതകളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ?
13. ഹമാത്ത് രാജാവും അർപ്പാദ്രാജാവും സെഫർവ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവയ്ക്കു രാജാവായിരുന്നവനും എവിടെ?’ ”
14. ഹിസ്കീയാവ് ദൂതന്മാരുടെ കൈയിൽനിന്ന് എഴുത്തു വാങ്ങി വായിച്ചു; ഹിസ്കീയാവ് യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അതു വിടർത്തി.
15. ഹിസ്കീയാവ് യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞത്:
16. “യിസ്രായേലിന്റെ ദൈവമായ കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, അങ്ങ് ഒരുവൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
17. യഹോവേ, ചെവി ചായിച്ചു കേൾക്കണമേ; യഹോവേ, തൃക്കണ്ണു തുറന്നു നോക്കണമേ; ജീവനുള്ള ദൈവത്തെ നിന്ദിക്കുവാൻ ആളയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്കുകൾ കേൾക്കണമേ.
18. യഹോവേ, അശ്ശൂർരാജാക്കന്മാർ സർവ്വജനതകളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി,
19. അവരുടെ ദേവന്മാരെ തീയിൽ ഇട്ടുകളഞ്ഞതു സത്യം തന്നെ; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; അതിനാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു.
20. ഇപ്പോൾ ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങ് ഒരുവൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിനു ഞങ്ങളെ അവന്റെ കൈയിൽനിന്നു രക്ഷിക്കണമേ.”
21. ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ അശ്ശൂർരാജാവായ സൻഹേരീബ് നിമിത്തം എന്നോടു പ്രാർത്ഥിച്ചതുകൊണ്ട്,
22. അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനം ഇതാകുന്നു: “സീയോൻ പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.
23. നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചത്? ആർക്കു വിരോധമായിട്ടാകുന്നു നീ ശബ്ദം ഉയർത്തുകയും തല ഉന്നതമായി ഉയർത്തുകയും ചെയ്തത്? യിസ്രായേലിന്റെ പരിശുദ്ധനു വിരോധമായിട്ടു തന്നെയല്ലയോ?
24. നിന്റെ ഭൃത്യന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു; ‘എന്റെ അസംഖ്യരഥങ്ങളോടു കൂടി ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അറ്റത്തെ കൊടുമുടിവരെയും അതിന്റെ അതിനിബിഡമായ കാടുവരെയും ഞാൻ കടന്നുചെല്ലും;
25. ഞാൻ വെള്ളം കുഴിച്ചെടുത്തു കുടിക്കും; എന്റെ കാലടികളാൽ ഈജിപ്റ്റിലെ സകലനദികളെയും വറ്റിക്കും’ എന്നു പറഞ്ഞു.
26. ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂർവ്വകാലത്തുതന്നെ അതിനെ നിർമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യകൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.
27. അതുകൊണ്ട് അവയിലെ നിവാസികൾ ദുർബ്ബലന്മാരായി വിരണ്ട് അമ്പരന്നുപോയി; അവർ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുംമുമ്പ് കരിഞ്ഞുപോയ ധാന്യവുംപോലെ ആയിത്തീർന്നു.
28. എന്നാൽ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാൻ അറിയുന്നു.
29. എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയിൽ എത്തിയിരിക്കുകകൊണ്ടും ഞാൻ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ടു നീ വന്ന വഴിക്കുതന്നെ നിന്നെ മടക്കികൊണ്ടുപോകും.”
30. എന്നാൽ ഇതു നിനക്ക് അടയാളമാകും: നിങ്ങൾ ഈ വർഷം പടുവിത്തു വിളയുന്നതും രണ്ടാം വർഷം താനെ കിളുർത്തുവിളയുന്നതും തിന്നും; മൂന്നാം വർഷം നിങ്ങൾ വിതച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
31. യെഹൂദാഗൃഹത്തിൽ രക്ഷപ്പെട്ട ഒരു ശേഷിപ്പ് വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായ്ക്കും.
32. ഒരു ശേഷിപ്പ് യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻ പർവ്വതത്തിൽനിന്നും പുറപ്പെട്ടുവരും; ’ സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും.”
33. അതുകൊണ്ട് യഹോവ അശ്ശൂർരാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഈ നഗരത്തിലേക്കു വരുകയില്ല; ഒരു അമ്പ് അവിടെ എയ്യുകയുമില്ല; അതിന്റെ നേരെ പരിചയോടുകൂടി വരുകയില്ല; അതിനെതിരെ ഉപരോധ മൺകൂന ഉണ്ടാക്കുകയുമില്ല.
34. അവൻ വന്ന വഴിക്കുതന്നെ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരുകയുമില്ല; ”
35. “എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും” എന്നു യഹോവയുടെ അരുളപ്പാട്.
36. എന്നാൽ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തെൺപത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
37. അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്രപുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ താമസിച്ചു.
38. എന്നാൽ അവൻ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്റെ പുത്രന്മാരായ അദ്രമ്മേലെക്കും ശരേസെരും അവനെ വാൾകൊണ്ടു കൊന്നിട്ടു അരാരാത്ത് ദേശത്തേക്ക് ഓടിപ്പൊയ്ക്കളഞ്ഞു; അവന്റെ മകനായ ഏസർഹദ്ദോൻ അവനു പകരം രാജാവായി. [PE]