1. [PS]“ആ കാലത്ത് ഞാൻ യിസ്രായേലിന്റെ സകലവംശങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
2. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വാളിൽ നിന്ന് രക്ഷപെട്ട് ശേഷിച്ച ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ യിസ്രായേലിന് വിശ്രാമം വരുത്തുവാൻ പോകുന്നു”.
3. യഹോവ ദൂരത്തുനിന്ന് എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തത്: “നിത്യസ്നേഹംകൊണ്ട് ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ട് ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.
4. യിസ്രായേൽകന്യകേ, ഞാൻ നിന്നെ വീണ്ടും പണിയുകയും നീ പണിയപ്പെടുകയും ചെയ്യും; നീ വീണ്ടും തപ്പ് എടുത്തുകൊണ്ട് സന്തോഷിച്ച്, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും.
5. നീ ഇനിയും ശമര്യപർവ്വതങ്ങളിൽ മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാർ കൃഷിചെയ്ത് ഫലം അനുഭവിക്കും.
6. ‘എഴുന്നേല്ക്കുവിൻ; നാം സീയോനിലേക്ക്, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക്, കയറിപ്പോകുക’ എന്ന് കാവല്ക്കാർ എഫ്രയീംമലനാട്ടിൽ വിളിച്ചുപറയുന്ന കാലം വരും.
7. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബിന് സന്തോഷത്തോടെ ഉച്ചത്തിൽ പാടുവിൻ! ജനതകളുടെ തലവനെക്കുറിച്ച് സന്തോഷിച്ച് ആർപ്പിടുവിൻ! ഘോഷിച്ചും സ്തുതിച്ചുംകൊണ്ട്: യഹോവേ, യിസ്രായേലിന്റെ ശേഷിപ്പായ അവിടുത്തെ ജനത്തെ രക്ഷിക്കണമേ എന്നു പറയുവിൻ!
8. ഞാൻ അവരെ വടക്കുദേശത്തുനിന്ന് വരുത്തുകയും ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവരെയും അവരോടുകൂടി കുരുടനെയും മുടന്തനെയും ഗർഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കുകയും ചെയ്യും; അങ്ങനെ വലിയ ഒരു സംഘം ഇവിടേക്ക് മടങ്ങിവരും.
9. അവർ കരഞ്ഞുകൊണ്ടു വരും; യാചനയോടെ ഞാൻ അവരെ കൊണ്ടുവരും; ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയിൽ ഞാൻ അവരെ നദികൾക്കരികിലൂടെ നടത്തും; ഞാൻ യിസ്രായേലിന് പിതാവും, എഫ്രയീം എന്റെ ആദ്യജാതനുമല്ലയോ.
10. ജനതകളേ, യഹോവയുടെ വചനം കേൾക്കുവിൻ! ദൂരത്തുള്ള ദ്വീപുകളിൽ അതിനെ പ്രസ്താവിക്കുവിൻ! യിസ്രായേലിനെ ചിതറിച്ചവൻ അവനെ കൂട്ടിച്ചേർത്ത്, ഒരിടയൻ തന്റെ കൂട്ടത്തെ പാലിക്കുന്നപോലെ അവനെ പാലിക്കും” എന്ന് പറയുവിൻ.
11. “യഹോവ യാക്കോബിനെ വീണ്ടെടുത്ത് അവനെക്കാൾ ബലവാനായവന്റെ കൈയിൽനിന്ന് അവനെ രക്ഷിച്ചിരിക്കുന്നു.
12. അവർ വന്ന് സീയോൻമുകളിൽ കയറി ഘോഷിച്ചുല്ലസിക്കും; ധാന്യം, വീഞ്ഞ്, എണ്ണ, കുഞ്ഞാടുകൾ, കാളക്കുട്ടികൾ എന്നിങ്ങനെ യഹോവ നൽകുന്ന നന്മയിലേക്ക് ഓടിവരും; അവരുടെ പ്രാണൻ നനയ്ക്കപ്പെടുന്ന തോട്ടം പോലെയാകും; അവർ ഇനി ക്ഷീണിച്ചുപോകുകയും ഇല്ല.
13. അന്ന് കന്യകയും യൗവനക്കാരും വൃദ്ധന്മാരും ഒരുപോലെ നൃത്തംചെയ്ത് സന്തോഷിക്കും; ഞാൻ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാൻ അവരെ ആശ്വസിപ്പിച്ച് സങ്കടം നീക്കി സന്തോഷിപ്പിക്കും.
14. ഞാൻ പുരോഹിതന്മാരുടെ പ്രാണനെ പുഷ്ടികൊണ്ട് തണുപ്പിക്കും; എന്റെ ജനം എന്റെ നന്മകൊണ്ട് തൃപ്തിപ്രാപിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
15. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചിലും തന്നെ; റാഹേൽ തന്റെ മക്കളെച്ചൊല്ലി കരയുന്നു; അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം പ്രാപിക്കുവാൻ അവൾക്കു മനസ്സില്ല”.
16. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കരയാതെ നിന്റെ ശബ്ദവും കണ്ണുനീർ വാർക്കാതെ നിന്റെ കണ്ണും അടക്കിക്കൊള്ളുക; നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും; അവർ ശത്രുവിന്റെ ദേശത്തുനിന്ന് മടങ്ങിവരും” എന്ന് യഹോവയുടെ അരുളപ്പാട്.
17. “നിന്റെ ഭാവിയെക്കുറിച്ച് പ്രത്യാശയുണ്ട്; നിന്റെ മക്കൾ അവരുടെ ദേശത്തേക്ക് മടങ്ങിവരും” എന്ന് യഹോവയുടെ അരുളപ്പാട്.
18. “അവിടുന്ന് എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളക്കുട്ടിയെപ്പോലെ ഞാൻ ശിക്ഷയനുഭവിച്ചിരിക്കുന്നു; ഞാൻ മടങ്ങി വരേണ്ടതിന് എന്നെ മടക്കിവരുത്തണമേ; അവിടുന്ന് എന്റെ ദൈവമായ യഹോവയല്ലയോ.
19. ഞാൻ തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം തുടമേൽ അടിച്ച് നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; എന്റെ യൗവനത്തിലെ നിന്ദയല്ലയോ ഞാൻ വഹിക്കുന്നത്” എന്ന് എഫ്രയീം വിലപിക്കുന്നത് ഞാൻ നല്ലവണ്ണം കേട്ടിരിക്കുന്നു.
20. “എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവന് വിരോധമായി സംസാരിക്കുമ്പോഴെല്ലാം അവനെക്കുറിച്ച് എന്റെ മനസ്സിൽ ഓർക്കുന്നു; അതുകൊണ്ട് എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും” എന്ന് യഹോവയുടെ അരുളപ്പാട്. [PE]
21. [PS]“നിനക്ക് അടയാളങ്ങൾ വയ്ക്കുക; കൈചൂണ്ടികൾ നാട്ടുക; നീ പോയ പെരുവഴി മനസ്സിൽ വച്ചുകൊള്ളുക; യിസ്രായേൽകന്യകേ, മടങ്ങിവരുക; നിന്റെ ഈ പട്ടണങ്ങളിലേക്കു തന്നെ മടങ്ങിവരുക.
22. വിശ്വാസത്യാഗിനിയായ മകളേ! നീ എത്രത്തോളം അലഞ്ഞുനടക്കും? യഹോവ ദേശത്ത് ഒരു പുതുമ സൃഷ്ടിക്കുന്നു: ഒരു സ്ത്രീ പുരുഷനെ വലയം ചെയ്തു പരിപാലിക്കും”.
23. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ അവർ ഇനിയും യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും, ‘നീതി നിവാസമേ, വിശുദ്ധപർവ്വതമേ, യഹോവ നിന്നെ അനുഗ്രഹിക്കുമാറാകട്ടെ ‘എന്ന വാക്കുകൾ പറയും.
24. അതിൽ യെഹൂദയും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻ കൂട്ടങ്ങളോടുകൂടി സഞ്ചരിക്കുന്നവരും ഒരുമിച്ച് വസിക്കും.
25. ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവനും ഞാൻ തൃപ്തിവരുത്തും.
26. ഈ സമയത്ത് ഞാൻ ഉണർന്നു; എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു.
27. ഞാൻ യിസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്തു വിതയ്ക്കുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.
28. “അന്ന് ഞാൻ പറിച്ചെടുക്കുവാനും പൊളിക്കുവാനും ഇടിക്കുവാനും നശിപ്പിക്കുവാനും കഷ്ടപ്പെടുത്തുവാനും അവരുടെ മേൽ ജാഗരിച്ചിരുന്നതുപോലെ, പണിയുവാനും നടുവാനും അവരുടെ മേൽ ജാഗരിച്ചിരിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
29. “അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു; മക്കളുടെ പല്ലു പുളിച്ചു” എന്ന് അവർ ആ നാളിൽ ഇനി പറയുകയില്ല.
30. ഓരോരുത്തൻ അവനവന്റെ അകൃത്യം നിമിത്തമത്രേ മരിക്കുന്നത്; പച്ചമുന്തിരിങ്ങാ അവനവന്റെ പല്ലി മാത്രമേ പുളിക്കുകയുള്ളു.
31. “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയൊരു നിയമം ചെയ്യുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.
32. “ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ച് ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു” എന്ന് യഹോവയുടെ അരുളപ്പാട്.
33. “എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോട് ചെയ്യുവാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
34. “ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും ‘യഹോവയെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കുകയും ഇല്ല” എന്ന് യഹോവയുടെ അരുളപ്പാട്.
35. സൂര്യനെ പകൽ വെളിച്ചത്തിനും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിനും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകൾ അലറുവാൻ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
36. “ഈ വ്യവസ്ഥ എന്റെ മുമ്പിൽനിന്നു മാറിപ്പോകുന്നുവെങ്കിൽ, യിസ്രായേൽസന്തതിയും സദാകാലം എന്റെ മുമ്പിൽ ഒരു ജനതയാകാത്തവണ്ണം ഒടുങ്ങിപ്പോകും” എന്ന് യഹോവയുടെ അരുളപ്പാട്.
37. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ പരിശോധിക്കുവാനും കഴിയുമെങ്കിൽ, ഞാനും യിസ്രായേൽസന്തതിയെ മുഴുവനും അവർ ചെയ്ത സകലവും നിമിത്തം തള്ളിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്.
38. “ഈ നഗരം ഹനനേൽഗോപുരം മുതൽ കോൺവാതിൽവരെ യഹോവയ്ക്കായി പണിയുവാനുള്ള കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.
39. “അളവുചരട് പിന്നെയും നേരെ ഗാരേബ് കുന്നിലേക്കു ചെന്ന് ഗോവഹിലേക്കു തിരിയും.
40. ശവങ്ങൾക്കും വെണ്ണീറിനും ഉള്ള താഴ്വര മുഴുവനും കിദ്രോൻ തോടുവരെയും കിഴക്കോട്ട് കുതിരവാതിലിന്റെ കോണുവരെയും ഉള്ള നിലങ്ങൾ മുഴുവനും യഹോവയ്ക്ക് വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളയുകയില്ല; ഇടിച്ചുകളയുകയുമില്ല. [PE]