1. [PS]യിരെമ്യാവ് കാവല്പുരമുറ്റത്ത് തടവിലാക്കപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം അവനുണ്ടായതെന്തെന്നാൽ:
2. “ഭൂമിയെ [* ഭൂമിയെ ‘അതിനെ’ എന്നു പറയുമ്പോൾ വ്യക്തത ഇല്ലാാത്തതുകൊണ്ടാണ് ഭൂമിയെ എന്നു ചേർത്തത് ]നിർമ്മിച്ചവനും, അതിനെ ഉറപ്പിച്ചവനുമായ യഹോവ, യഹോവ എന്ന് നാമം ഉള്ളവൻ തന്നെ, ഇപ്രകാരം അരുളിച്ചെയ്യുന്നു;
3. “എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിനക്ക് ഉത്തരം അരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും.
4. ഉപരോധദുർഗ്ഗങ്ങൾക്കും വാളിനും എതിരെ തടുത്തു നില്ക്കേണ്ടതിനായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
5. അവർ കല്ദയരോടു യുദ്ധം ചെയ്യുവാൻ ചെല്ലുന്നു; എന്നാൽ അത്, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കുവാനത്രേ; അവരുടെ സകലദോഷവുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.
6. ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്കു വെളിപ്പെടുത്തുകയും ചെയ്യും.
7. ഞാൻ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്ക് അഭിവൃദ്ധി വരുത്തും.
8. അവർ എന്നോടു പാപം ചെയ്ത സകല അകൃത്യവും ഞാൻ നീക്കി അവരെ ശുദ്ധീകരിക്കുകയും, അവർ എനിക്കെതിരെ ചെയ്ത ദ്രോഹപൂർവമായ സകല അകൃത്യങ്ങളെയും മോചിക്കുകയും ചെയ്യും.
9. ഞാൻ അവർക്കു ചെയ്യുന്ന എല്ലാനന്മയെയും കുറിച്ച് കേൾക്കുന്ന സകലഭൂജാതികളുടെയും മുമ്പിൽ അത് എനിക്കു ആനന്ദനാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാൻ അതിനു വരുത്തുന്ന എല്ലാനന്മയും സർവ്വസമാധാനവും നിമിത്തം അവർ പേടിച്ചു വിറയ്ക്കും”.
10. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു” എന്ന് നിങ്ങൾ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും
11. ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും: ‘സൈന്യങ്ങളുടെ യഹോവയെ സ്തുതിക്കുവിൻ, യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളത്’ എന്ന് പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
12. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാർക്ക് ഇനിയും മേച്ചിൽപുറം ഉണ്ടാകും;
13. മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും യെരൂശലേമിന്റെ ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാപട്ടണങ്ങളിലും ആടുകൾ എണ്ണുന്നവന്റെ കൈക്കു കീഴെ ഇനിയും കടന്നുപോകും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
14. “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.
15. ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ മുളപ്പിക്കും; അവൻ ദേശത്ത് നീതിയും ന്യായവും നടത്തും.
16. ആ നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായി വസിക്കും; അതിന് ‘യഹോവ നമ്മുടെ നീതി’ എന്ന് പേര് പറയും”.
17. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ ദാവീദിന് ഒരു പുരുഷൻ ഇല്ലാതെ വരുകയില്ല.
18. ദിനംപ്രതി ഹോമയാഗം കഴിക്കുവാനും ഭോജനയാഗം ദഹിപ്പിക്കുവാനും ഹനനയാഗം അർപ്പിക്കുവാനും എന്റെ മുമ്പാകെ ലേവ്യ പുരോഹിതന്മാർക്ക് ഒരു പുരുഷൻ ഇല്ലാതെ വരുകയുമില്ല”.
19. യിരെമ്യാവിന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:
20. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവിധം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ലംഘിക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ,
21. എന്റെ ദാസനായ ദാവീദിന് അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവിധം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ഛേദിക്കപ്പെട്ടേക്കാം.
22. ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.
23. യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:
24. “യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവൻ തള്ളിക്കളഞ്ഞു എന്ന് ഈ ജനം പറയുന്നത് നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവൻ എന്റെ ജനത്തെ ‘അത് ഇനി ഒരു ജനതയല്ല’ എന്നു ദുഷിച്ചു പറയുന്നു”.
25. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; “പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനില്ക്കുന്നില്ലെങ്കിൽ, ഞാൻ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കിൽ,
26. ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്ക് അധിപതിമാരായിരിക്കുവാൻ അവന്റെ സന്തതിയിൽ നിന്ന് ഒരാളെ എടുക്കാത്തവിധം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവരോട് കരുണ കാണിക്കുകയും ചെയ്യും”. [PE]