1. യോശുവയുടെ മരണത്തെ തുടർന്നു “കനാന്യരോട് യുദ്ധംചെയ്വാൻ ഞങ്ങളിൽ ആദ്യം പുറപ്പെടേണ്ടത് ആരാകുന്നു” എന്ന് യിസ്രായേൽ മക്കൾ യഹോവയോട് ചോദിച്ചു.
2. അതിന് യഹോവ അരുളിച്ചെയ്തത് “യെഹൂദാ പുറപ്പെടട്ടെ; തീർച്ചയായും ഞാൻ ആ ദേശം അവന് കൊടുത്തിരിക്കുന്നു
3. യെഹൂദാ തന്റെ സഹോദരനായ ശിമെയോനോട് എനിക്ക് നൽകിയിരിക്കുന്ന പ്രദേശത്തേക്ക് കനാന്യരോട് യുദ്ധംചെയ്വാൻ നീ എന്നോടുകൂടെ പോരേണം; അതുപോലെതന്നെ ഞാനും നിന്നോടു കൂടെ നിന്റെ അവകാശദേശത്തേക്ക് വരാം “എന്ന് പറഞ്ഞു അങ്ങനെ ശിമെയോൻ അവനോടുകൂടെ പോയി.
4. അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവർക്ക് ഏല്പിച്ചുകൊടുത്തു; അവർ ബേസെക്കിൽവെച്ച് അവരിൽ പതിനായിരംപേരെ കൊന്നു.
5. ബേസെക്കിൽവെച്ച് അവർ അദോനി-ബേസെക്കിനെ കണ്ടു, അവനോട് യുദ്ധംചെയ്തു; അങ്ങനെ അവർ കനാന്യരെയും പെരിസ്യരെയും പരാജയപ്പെടുത്തി.
6. അപ്പോൾ അദോനീബേസെക്ക് ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.
7. കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയിൻകീഴിൽനിന്ന് ഭക്ഷണം പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്ക് പകരം ചെയ്തിരിക്കുന്നു എന്ന് അദോനീ-ബേസെക്ക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി; അവിടെവെച്ച് അവൻ മരിച്ചു. [PE][PS]
8. യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അവർ അതിനെ കൈവശമാക്കി; വാൾ കൊണ്ട് വെട്ടി, നഗരം തീയിട്ട് ചുട്ടുകളഞ്ഞു.
9. അതിന്റെ ശേഷം യെഹൂദാമക്കൾ മലകളിലും തെക്കുഭാഗത്തും താഴ്വരകളിലും പാർത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്വാൻ പോയി.
10. അനന്തരം യെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യർക്കു നേരെ ചെന്നു; ഹെബ്രോന്റെ പഴയ പേര് കിര്യത്ത്-അർബ്ബാ എന്നായിരുന്നു. അവർ ശേശായി, അഹിമാൻ, തൽമായി എന്നിവരെ കൊന്നു.
11. അവിടെനിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പഴയ പേര് കിര്യത്ത്-സേഫെർ എന്നായിരുന്നു.
12. അപ്പോൾ കാലേബ്: യുദ്ധം ചെയ്തു കിര്യത്ത്-സേഫെർ കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് പറഞ്ഞു.
13. കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു.
14. അവൾ അവന്റെ അടുക്കൽ എത്തിയപ്പോൾ അവളുടെ അപ്പനോടു ഒരു വയൽ കൂടി ആവശ്യപ്പെടാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട് നിന്റെ ആഗ്രഹം എന്ത് എന്ന് ചോദിച്ചു.
15. അവൾ അവനോട്: ഒരു അനുഗ്രഹം എനിക്ക് തരേണമേ; നീ എനിക്ക് തന്ന ഭൂമി തെക്കെ ദേശത്തായതുകൊണ്ട്, നീരുറവുകളും കൂടെ എനിക്ക് തരേണമേ എന്ന് പറഞ്ഞു; കാലേബ് അവൾക്ക് മലയിലും താഴ്വരയിലും നീരുറവുകൾ കൊടുത്തു. [PE][PS]
16. മോശെയുടെ ഭാര്യാപിതാവായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പന നഗരത്തിൽനിന്ന് അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്ക് ചെന്ന്, ജനത്തോടുകൂടെ അവിടെ പാർത്തു.
17. പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവർ സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ വെട്ടി അതിനെ പൂർണ്ണമായും നശിപ്പിച്ചു; അങ്ങനെ ആ പട്ടണത്തിന് ഹോർമ്മ എന്ന് പേരിട്ടു.
18. ഗസ്സയും അസ്കലോനും, എക്രോനും ഇവയോടു ചേർന്നുള്ള ഭൂപ്രദേശങ്ങളും യെഹൂദാ പിടിച്ചു.
19. യഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാട്ടിലെ നിവാസികളെ ഓടിച്ചുകളഞ്ഞു; എന്നാൽ താഴ്വരയിലെ നിവാസികൾക്ക് ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല.
20. മോശെ കല്പിച്ചതുപോലെ അവർ കാലേബിന് ഹെബ്രോൻ കൊടുത്തു; അവൻ അവിടെനിന്ന് അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.
21. യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ ബെന്യാമീൻ മക്കൾ നീക്കിക്കളയാതിരുന്നതുകൊണ്ട് അവർ ഇന്നുവരെ ബെന്യാമീൻ മക്കളോടു കൂടെ യെരൂശലേമിൽ പാർത്തുവരുന്നു. [PE][PS]
22. യോസേഫിന്റെ ഗൃഹം ബേഥേലിലേക്ക് കയറിച്ചെന്നു; യഹോവയും അവരോടുകൂടെ ഉണ്ടായിരുന്നു.
23. യോസേഫിന്റെ ഗൃഹം ബേഥേലിലേക്ക് ഒറ്റുകാരെ അയച്ചു; ആ പട്ടണത്തിന് മുമ്പെ ലൂസ് എന്ന് പേരായിരുന്നു.
24. ഒറ്റുകാർ പട്ടണത്തിൽ നിന്നു പുറത്തേക്ക് വന്ന ഒരുവനോട് “പട്ടണത്തിനകത്ത് പ്രവേശിക്കുവാനുള്ള വാതിൽ കാണിച്ചുതന്നാൽ ഞങ്ങൾ നിന്നോടു കരുണ കാണിക്കും” എന്ന് പറഞ്ഞു.
25. അവൻ പട്ടണത്തിൽ കടപ്പാനുള്ള വഴി അവർക്ക് കാണിച്ചുകൊടുത്തു; അവർ പട്ടണത്തെ വാളാൽ വെട്ടി നശിപ്പിച്ചു എന്നാൽ ആ മനുഷ്യനെയും അവന്റെ സകല കുടുംബത്തെയും അവർ വിട്ടയച്ചു.
26. അവൻ ഹിത്യരുടെ ദേശത്ത് ചെന്ന് ഒരു പട്ടണം പണിതു; അതിന് ലൂസ് എന്ന് പേരിട്ടു; അത് ഇന്നുവരെ അങ്ങനെ അറിയപ്പെടുന്നു. [PE][PS]
27. മനശ്ശെ ബേത്ത്-ശെയാൻ, താനാക്ക്, ദോർ യിബ്ളെയാം, മെഗിദ്ദോ എന്നിവിടങ്ങളിലും അവയുടെ ഗ്രാമങ്ങളിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; അതിനാൽ, കനാന്യർ ആ ദേശത്ത് തന്നേ പാർപ്പാനുള്ള താല്പര്യം സാധിച്ചു.
28. എന്നാൽ യിസ്രായേൽ ശക്തരായപ്പോൾ അവർ കനാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെ കൊണ്ട് കഠിനവേല ചെയ്യിച്ചു. [PE][PS]
29. ഗേസെരിൽ പാർത്തിരുന്ന കനാന്യരെ എഫ്രയീമും നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാർത്തു. [PE][PS]
30. കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ സെബൂലൂനും നീക്കിക്കളഞ്ഞില്ല; അങ്ങനെ കനാന്യർ കഠിനവേല ചെയ്ത് അവരുടെ ഇടയിൽ പാർത്തു. [PE][PS]
31. അക്കോ സീദോൻ, അഹ്ലാബ്, അക്സീബ് ഹെൽബ, അഫീക്, രെഹോബ് എന്നിവിടങ്ങളിൽ പാർത്തിരുന്നവരെ ആശേരും നീക്കിക്കളഞ്ഞില്ല.
32. അപ്രകാരം, അവരെ നീക്കിക്കളയാതെ, ആശേർ ഗോത്രക്കാർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു. [PE][PS]
33. ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാർത്തിരുന്നവരെ നഫ്താലിയും നീക്കിക്കളഞ്ഞില്ല; അങ്ങനെ അവർ കനാന്യരായ ദേശനിവാസികളുടെ ഇടയിൽ പാർത്തു; എന്നിരുന്നാലും ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികളെകൊണ്ട് അവർ കഠിനവേല ചെയ്യിച്ചു. [PE][PS]
34. അമോര്യർ ദാൻമക്കളെ ബലപ്രയോഗത്താൽ പർവതങ്ങളിലേക്ക് ഓടിച്ചു കയറ്റി; താഴ്വരയിലേക്ക് ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല.
35. അങ്ങനെ അമോര്യർ ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർക്കുവാൻ നിശ്ചയിച്ചുറച്ചു. എന്നാൽ യോസേഫ് ഗൃഹം ശക്തി പ്രാപിച്ചപ്പോൾ അവരെ കഠിനവേലയ്ക്കാക്കി.
36. അമോര്യരുടെ അതിർ അക്രബ്ബിം കയറ്റത്തിൽ സേല മുതൽ മുകളിലേക്കായിരുന്നു. [PE]