1. {#1വിവാഹത്തെക്കുറിച്ചുള്ള നിർദേശങ്ങൾ } [PS]ഇനി നിങ്ങൾ എഴുതിയ കാര്യങ്ങളെക്കുറിച്ച്: “സ്ത്രീയെ അറിയാ[* മൂ.ഭാ. സ്പർശിക്കുക ] തിരിക്കുന്നത് പുരുഷനു നല്ലത്.”
2. എന്നാൽ അസാന്മാർഗികത ഒഴിവാക്കാൻ ഓരോ പുരുഷനും സ്വന്തം ഭാര്യയും ഓരോ സ്ത്രീക്കും സ്വന്തം ഭർത്താവും ഉണ്ടായിരിക്കട്ടെ.
3. ഭർത്താവ് ഭാര്യയോടുള്ള ദാമ്പത്യധർമം നിറവേറ്റണം, അതുപോലെ ഭാര്യ ഭർത്താവിനോടും.
4. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല, ഭർത്താവിനാണ് അധികാരം. അതുപോലെ ഭർത്താവിന്റെ ശരീരത്തിന്മേൽ അയാൾക്കല്ല ഭാര്യയ്കാണ് അധികാരം.
5. ഭാര്യാഭർത്താക്കന്മാർ പരസ്പരം സമ്മതിച്ചുകൊണ്ട് നിശ്ചിതസമയത്തേക്ക് പ്രാർഥനയിൽ മുഴുകുന്നതിനായി പിരിഞ്ഞിരിക്കുന്നതല്ലാതെ പരസ്പരം അവകാശങ്ങൾ നിഷേധിക്കരുത്. ആത്മനിയന്ത്രണത്തിന്റെ അഭാവംനിമിത്തം സാത്താൻ നിങ്ങളെ പ്രലോഭിപ്പിക്കാതിരിക്കാൻ, വീണ്ടും ഒരുമിച്ചുചേരുക.
6. ആജ്ഞയായിട്ടല്ല, അനുവാദമായിട്ടാണു ഞാൻ ഇതു പറയുന്നത്:
7. എല്ലാവരും എന്നെപ്പോലെയായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. എങ്കിലും ഓരോരുത്തർക്കും ദൈവത്തിൽനിന്ന് അവരവരുടേതായ കൃപാദാനം ലഭിച്ചിട്ടുണ്ടല്ലോ; ഒരാൾക്ക് ഒരുതരം; മറ്റൊരാൾക്ക് മറ്റൊരുതരം. [PE]
8. [PS]അവിവാഹിതരോടും വിധവകളോടും ഞാൻ നിർദേശിക്കുന്നത്: എന്നെപ്പോലെ ജീവിക്കുന്നതാണ് അവർക്കു നല്ലത്.
9. എന്നാൽ സംയമം സാധ്യമല്ലെങ്കിൽ അവർ വിവാഹിതരാകണം, വികാരത്താൽ വെന്തെരിയുന്നതിനെക്കാൾ വിവാഹിതരാകുന്നത് ഏറെ നല്ലത്. [PE]
10. [PS]വിവാഹിതർക്ക് ഞാനല്ല, കർത്താവുതന്നെ കൊടുക്കുന്ന കൽപ്പന ഇതാണ്: ഭാര്യ ഭർത്താവിൽനിന്ന് വേർപിരിയരുത്.
11. അഥവാ, വേർപിരിയുന്നെങ്കിൽ അവൾ വിവാഹംകൂടാതെ ജീവിക്കണം. അത് അസാധ്യമെങ്കിൽ ഭർത്താവുമായി രമ്യപ്പെട്ടുകൊള്ളണം, ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്. [PE]
12. [PS]ശേഷമുള്ളവരോട് കർത്താവല്ല, ഞാൻതന്നെ നിർദേശിക്കുന്നത്: ഒരു സഹോദരന്റെ ഭാര്യ ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അവൾക്ക് അയാളോടുചേർന്നു ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അയാൾ അവളെ ഉപേക്ഷിക്കാൻ പാടില്ല.
13. അതുപോലെതന്നെ ഒരു സ്ത്രീയുടെ ഭർത്താവ് ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അയാൾക്ക് അവളോടുചേർന്ന് ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അവളും അയാളെ ഉപേക്ഷിക്കാൻ പാടില്ല.
14. കാരണം, അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യമുഖേനയും അവിശ്വാസിനിയായ ഭാര്യ തന്റെ ഭർത്താവുമുഖേനയും വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ അശുദ്ധരെന്നുവരും. എന്നാൽ ഇപ്പോഴോ അവർ വിശുദ്ധർ ആണ്.[† വിശ്വാസിയല്ലാത്ത ഭർത്താവ് വിശ്വാസിനിയായ ഭാര്യയുടെ സ്വാധീനംകൊണ്ട് ഒരുപക്ഷേ വിശ്വാസിയായേക്കാം. അതുപോലെതന്നെ മറിച്ചും. കുടുംബം വിഭജിക്കപ്പെട്ടുപോയാൽ കുഞ്ഞുങ്ങൾക്ക് കർത്താവിനെ അറിയാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്, എന്നാൽ കുടുംബം അവിഭക്തമായിരുന്നാൽ ദൈവഹിതമാണെങ്കിൽ കുഞ്ഞുങ്ങളും കർത്താവിനെ അറിഞ്ഞേക്കും. ] [PE]
15. [PS]അവിശ്വാസിയായ ആൾ വേർപിരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ. ഇത്തരം സാഹചര്യങ്ങളിൽ വിശ്വാസിയോ വിശ്വാസിനിയോ അവരവരുടെ പങ്കാളിയുമായി ബദ്ധരായിരിക്കുന്നില്ല. സമാധാനത്തിൽ ജീവിക്കാനാണല്ലോ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.
16. വിവാഹിതയായ സ്ത്രീയേ, നീ ഭർത്താവിനെ രക്ഷയിലേക്കു നയിക്കില്ല എന്നു എങ്ങനെ അറിയാം? വിവാഹിതനായ പുരുഷാ, നീ ഭാര്യയെ രക്ഷയിലേക്കു നയിക്കില്ല എന്ന് എങ്ങനെ അറിയാം? [PE]
17. {#1അവസ്ഥാമാറ്റത്തെക്കുറിച്ചുള്ള നിർദേശങ്ങൾ } [PS]കർത്താവ് ഓരോരുത്തർക്കും നൽകിയ നിയോഗംപോലെയും ദൈവം ഓരോരുത്തരെ വിളിച്ചതുപോലെയും അവരവർ ജീവിക്കട്ടെ. ഞാൻ എല്ലാ സഭകൾക്കും നൽകുന്ന നിർദേശം ഇതാകുന്നു.
18. ഒരാൾ പരിച്ഛേദനമേറ്റതിനുശേഷമാണ് കർത്താവ് അയാളെ വിളിച്ചതെങ്കിൽ അതിന് മാറ്റം വരുത്താൻ ശ്രമിക്കേണ്ട. മറ്റൊരാൾ പരിച്ഛേദനമേൽക്കുന്നതിനുമുമ്പാണ് കർത്താവ് അയാളെ വിളിച്ചതെങ്കിൽ പരിച്ഛേദനമേൽപ്പിക്കാൻ ശ്രമിക്കരുത്.
19. പരിച്ഛേദനം സ്വീകരിച്ചോ ഇല്ലയോ എന്നതല്ല കാര്യം, ദൈവകൽപ്പനകൾ പാലിക്കുന്നോ എന്നതാണു പ്രധാനം.
20. ഒരാളെ ദൈവം വിളിച്ചപ്പോൾ അയാൾ ഏതവസ്ഥയിലായിരുന്നോ അതേ അവസ്ഥയിൽത്തന്നെ തുടരട്ടെ. [PE]
21. [PS]കർത്താവ് നിന്നെ വിളിച്ചപ്പോൾ നീയൊരു അടിമയായിരുന്നോ? അതേക്കുറിച്ചു ദുഃഖിക്കരുത്; സ്വതന്ത്രനാകാൻ സാധ്യതയുണ്ടെങ്കിൽ അതു പ്രയോജനപ്പെടുത്തുക.
22. കർത്താവ് വിളിച്ചപ്പോൾ അടിമയായിരുന്നയാൾ കർത്താവിൽ സ്വതന്ത്രരാണ്. അതുപോലെതന്നെ, വിളിക്കപ്പെട്ടപ്പോൾ സ്വതന്ത്രരായിരുന്നവർ ക്രിസ്തുവിന്റെ അടിമകളാണ്.
23. നിങ്ങൾ വിലകൊടുത്തു വാങ്ങപ്പെട്ടവരാണ് അതുകൊണ്ട് ഇനി മനുഷ്യരുടെ അടിമകളാകരുത്.
24. സഹോദരങ്ങളേ, ഓരോരുത്തരും, വിളിക്കപ്പെട്ട അവസ്ഥയിൽ ദൈവത്തോടുള്ള കൂട്ടായ്മയിൽ നിലനിൽക്കേണ്ടതാണ്. [PE]
25. {#1അവിവാഹിതരെക്കുറിച്ചുള്ള നിർദേശങ്ങൾ } [PS]ഇനി കന്യകമാരെക്കുറിച്ച്: കർത്താവിൽനിന്നുള്ള കൽപ്പന ഇക്കാര്യത്തിൽ എനിക്കു ലഭിച്ചിട്ടില്ല, എങ്കിലും കർത്താവിന്റെ കരുണനിമിത്തം വിശ്വാസയോഗ്യനായ ഞാൻ എന്റെ അഭിപ്രായം പറയുകയാണ്:
26. ഇപ്പോഴത്തെ പ്രതിസന്ധി നിമിത്തം, നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽത്തന്നെ തുടരുന്നതാണു നല്ലതെന്ന് ഞാൻ കരുതുന്നു.
27. നിനക്കൊരു ഭാര്യയുണ്ടെങ്കിൽ വിവാഹമോചനം അന്വേഷിക്കരുത്. നീ അവിവാഹിതനെങ്കിൽ വിവാഹംകഴിക്കാൻ മുതിരുകയുമരുത്.
28. നീ വിവാഹംചെയ്യുന്നെങ്കിൽ അതു പാപമല്ല; കന്യക വിവാഹംകഴിക്കുന്നെങ്കിൽ അവളും പാപംചെയ്യുന്നില്ല. എന്നാൽ വിവാഹിതരാകുന്നവർക്ക് ഈ ജീവിതത്തിൽ നിരവധി ക്ലേശങ്ങൾ നേരിടേണ്ടിവരും. അവ നിങ്ങൾക്കുണ്ടാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. [PE]
29. [PS]സഹോദരങ്ങളേ, ഇനി അൽപ്പകാലംമാത്രമേ അവശേഷിച്ചിട്ടുള്ളൂ എന്നു ഞാൻ നിങ്ങളെ ഓർമിപ്പിക്കട്ടെ. വിവാഹിതർ ഇനി അവിവാഹിതരെപ്പോലെയും;
30. വിലപിക്കുന്നവർ വിലപിക്കാത്തവരെപ്പോലെയും; ആനന്ദിക്കുന്നവർ ആനന്ദിക്കാത്തവരെപ്പോലെയും; വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും;
31. ഈ ലോകകാര്യങ്ങളിൽ വ്യാപൃതരാകുന്നവർ അവയിൽ മുഴുകിപ്പോകാത്തവരെപ്പോലെയും ജീവിക്കണം. കാരണം ഇക്കാണുന്ന രൂപത്തിലുള്ള ലോകം മാറിക്കൊണ്ടിരിക്കുന്നു. [PE]
32. [PS]നിങ്ങൾ ആകാംക്ഷാരഹിതരായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവിവാഹിതൻ കർത്താവിനെ പ്രസാദിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ച് കർത്തൃകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു.
33. വിവാഹിതനോ ഭാര്യയെ എങ്ങനെ ആനന്ദിപ്പിക്കാം എന്നുകരുതി ലൗകികകാര്യങ്ങളിൽ ആമഗ്നനാകുന്നു;
34. അവന്റെ താത്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയും കന്യകയും ശരീരത്തിലും ആത്മാവിലും വിശുദ്ധരായിരിക്കാനായി കർത്താവിന്റെ കാര്യങ്ങളിൽ ആമഗ്നരാകുന്നു. എന്നാൽ വിവാഹിതയോ, ഭർത്താവിനെ ആനന്ദിപ്പിക്കാനായി ലൗകികകാര്യങ്ങളിലാണ് ആമഗ്നയാകുന്നത്.
35. നിങ്ങളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനല്ല, നിങ്ങളുടെ നന്മ ഉദ്ദേശിച്ചും കർത്താവിനോടുള്ള ഭക്തിയിൽ ഏകാഗ്രതയുള്ളവരായി യോഗ്യമായവിധം നിങ്ങൾ ജീവിക്കേണ്ടതിനുമാണ് ഞാൻ ഇതു സംസാരിക്കുന്നത്. [PE]
36. [PS]വിവാഹനിശ്ചയം ചെയ്തതിനുശേഷം വിവാഹത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നത് അനൗചിത്യമെന്നും കന്യകയുടെ പ്രായം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നെന്നും അതുകൊണ്ട് വിവാഹം നടത്തുന്നതാണ് ഉചിതമെന്നും ഒരാൾക്കു തോന്നിയാൽ അയാൾ സ്വന്തം ഹിതമനുസരിച്ചു പ്രവർത്തിക്കട്ടെ! അവർ വിവാഹിതരാകട്ടെ, അതിൽ പാപമില്ല.
37. എന്നാൽ പരപ്രേരണകൂടാതെ, പൂർണമായും സ്വന്തം ഹിതപ്രകാരം, ഒരാൾ തനിക്കു വിവാഹം നിശ്ചയിച്ചവൾ കന്യകയായി തുടരട്ടെ എന്നു ഹൃദയത്തിൽ തീരുമാനിക്കുന്നെങ്കിൽ അയാളും ഉചിതമായി പ്രവർത്തിക്കുന്നു.
38. അങ്ങനെ, തന്റെ കന്യകയെ വിവാഹംകഴിക്കുന്നയാൾ യോഗ്യമായതു ചെയ്യുന്നു; എന്നാൽ വിവാഹംകഴിക്കാതിരിക്കുന്നതാണ് ഏറെ നല്ലത്. [PE]
39. [PS]ഭർത്താവു ജീവിച്ചിരിക്കുന്ന കാലമത്രയും ഭാര്യ അയാളോടു ബന്ധിതയായിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചാൽ അവൾക്കിഷ്ടമെങ്കിൽ വേറൊരാളെ വിവാഹംചെയ്യാം; എന്നാൽ അയാൾ കർത്താവിൽ വിശ്വസിക്കുന്നയാളെമാത്രമേ ആകാവൂ.
40. അവൾ ആയിരിക്കുന്ന അവസ്ഥയിൽത്തന്നെ തുടർന്നാൽ അവൾ ഏറെ അനുഗൃഹീതയായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. എനിക്കും ദൈവാത്മാവുണ്ടെന്നു ഞാൻ കരുതുന്നു. [PE]