1. {#1പൗലോസിന്റെ ദർശനവും ജഡത്തിലെ ശൂലവും } [PS]പ്രശംസകൊണ്ടു പ്രയോജനമില്ലെങ്കിലും അത് ആവശ്യമായിരിക്കുന്നു. ഇനി ഞാൻ കർത്താവിൽനിന്നുള്ള ദർശനങ്ങളെയും വെളിപ്പാടുകളെയുംകുറിച്ചു പ്രതിപാദിക്കാം.
2. —ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ എനിക്കറിയാം—പതിന്നാലു വർഷംമുമ്പ് ഞാൻ മൂന്നാംസ്വർഗംവരെ എടുക്കപ്പെട്ടു. അത് ശരീരത്തോടുകൂടിയോ ശരീരംകൂടാതെയോ എന്ന് എനിക്കറിഞ്ഞുകൂടാ, ദൈവത്തിനറിയാം.
3. ഈ ഞാൻ പറുദീസവരെ എടുക്കപ്പെട്ടു. ശരീരത്തോടുകൂടിയോ ശരീരംകൂടാതെയോ എന്ന് എനിക്കറിഞ്ഞുകൂടാ, ദൈവം അറിയുന്നു.
4. അവാച്യവും വർണിക്കാൻ അനുവാദമില്ലാത്തതുമായ വാക്കുകൾ ഞാൻ കേട്ടു.
5. ഈ അനുഭവങ്ങളെക്കുറിച്ച് ഞാൻ പ്രശംസിക്കും. എന്നാൽ, ഞാൻ ആത്മപ്രശംസ ചെയ്യുന്നത് എന്റെ ബലഹീനതകളെക്കുറിച്ചുമാത്രമാണ്.
6. പ്രശംസിക്കണമെന്ന് ആഗ്രഹിച്ചാലും ഞാൻ ഭോഷനാകുകയില്ല, കാരണം, ഞാൻ പറയുന്നത് സത്യമാണ്. എങ്കിലും, ഞാൻ പ്രവർത്തിക്കുന്നതിനും പ്രസംഗിക്കുന്നതിനും അപ്പുറമായി ആരും എന്നെക്കുറിച്ചു ചിന്തിക്കാതിരിക്കേണ്ടതിനു ഞാൻ അതിൽനിന്ന് പിൻവാങ്ങുകയാണ്.
7. അതിമഹത്തായ ഈ വെളിപ്പാടുകളാൽ ഞാൻ നിഗളിച്ചുപോകാതിരിക്കാൻ എന്റെ ശരീരത്തിൽ ഒരു ശൂലം നൽകപ്പെട്ടിരിക്കുന്നു—എന്നെ പീഡിപ്പിക്കാൻ സാത്താന്റെ ദൂതനെത്തന്നെ.
8. അത് എന്നിൽനിന്ന് നീക്കിക്കളയണമേ എന്നു മൂന്നുപ്രാവശ്യം ഞാൻ കർത്താവിനോട് അപേക്ഷിച്ചു.
9. എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും.
10. അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ,[* ബലഹീനതകൾ, വിവക്ഷിക്കുന്നത് രോഗങ്ങൾ ] പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്. [PE]
11. {#1കൊരിന്ത്യരെപ്പറ്റി പൗലോസിനുള്ള കരുതൽ } [PS]ഇങ്ങനെ ആത്മപ്രശംസ നടത്തി എന്നെത്തന്നെയൊരു ഭോഷനാക്കാൻ നിങ്ങളാണ് എന്നെ പ്രേരിപ്പിച്ചത്. നിങ്ങളാണ് എന്നെ പുകഴ്ത്തേണ്ടിയിരുന്നത്; കാരണം, ഞാൻ നിസ്സാരനെങ്കിലും “അതിശ്രേഷ്ഠരായ” അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല.
12. എന്നിൽ അപ്പൊസ്തലന്റെ ലക്ഷണങ്ങളായ അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും മഹാസഹിഷ്ണുതയോടുകൂടി നിങ്ങളുടെ മധ്യത്തിൽ വെളിപ്പെട്ടിരിക്കുന്നല്ലോ.
13. ഞാൻ നിങ്ങൾക്ക് ഒരിക്കലും ഒരു ഭാരമായിത്തീർന്നില്ല എന്നതല്ലാതെ, മറ്റുസഭകളെക്കാൾ ഏതു കാര്യത്തിലാണ് നിങ്ങൾക്ക് ഞാൻ കുറവു വരുത്തിയിട്ടുള്ളത്? ഈ തെറ്റ് എന്നോടു ക്ഷമിച്ചാലും! [PE]
14. [PS]ഇപ്പോൾ, മൂന്നാംപ്രാവശ്യം നിങ്ങളെ സന്ദർശിക്കാൻ ഞാൻ ഒരുങ്ങിയിരിക്കുകയാണ്; ഞാൻ നിങ്ങൾക്ക് ഒരു ഭാരവും ആകുകയില്ല, കാരണം, എനിക്കു വേണ്ടതു നിങ്ങൾക്കുള്ളവയല്ല, നിങ്ങളെത്തന്നെയാണ്. മാതാപിതാക്കൾക്കുവേണ്ടി മക്കളല്ല, മാതാപിതാക്കൾ മക്കൾക്കുവേണ്ടിയാണ് സമ്പാദിച്ചുവെക്കേണ്ടത്.
15. അതുകൊണ്ടു ഞാൻ എനിക്കുള്ളതെല്ലാം വളരെ ആനന്ദത്തോടെ നിങ്ങൾക്കുവേണ്ടി ചെലവാക്കുകയും ഞാൻതന്നെ നിങ്ങൾക്കായി ചെലവായിപ്പോകുകയും ചെയ്യും. ഞാൻ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അൽപ്പമായിട്ടോ സ്നേഹിക്കുന്നത്?
16. അതെന്തായാലും ഞാൻ നിങ്ങളെ ഭാരപ്പെടുത്തിയില്ല; എന്നിട്ടും നിങ്ങൾ കരുതുന്നത് ഞാൻ കൗശലക്കാരനായി നിങ്ങളെ വഞ്ചിച്ചെന്നോ?
17. നിങ്ങളുടെ അടുക്കൽ അയച്ച ആരിൽക്കൂടെയെങ്കിലും ഞാൻ നിങ്ങളെ ചൂഷണം ചെയ്തിട്ടുണ്ടോ?
18. ഞാൻ തീത്തോസിനെ നിങ്ങളുടെ അടുത്തേക്ക് വരാൻ ഉത്സാഹിപ്പിച്ചു, ഒരു സഹോദരനെയും അയാളോടുകൂടെ അയച്ചു. തീത്തോസ് നിങ്ങളെ കബളിപ്പിച്ചുവോ? ഞങ്ങൾ ഒരേ മനോഭാവത്തോടെ പ്രവർത്തിക്കുകയും ഒരേ മാർഗം പിൻതുടരുകയുമല്ലേ ചെയ്തത്? [PE]
19. [PS]ഞങ്ങൾ ഇത്രവരെ ഞങ്ങളെത്തന്നെ ന്യായീകരിക്കുകയായിരുന്നു എന്നാണോ നിങ്ങൾ ചിന്തിച്ചുകൊണ്ടിരുന്നത്? എന്നാൽ അങ്ങനെയല്ല വാസ്തവത്തിൽ പ്രിയസ്നേഹിതരേ, ക്രിസ്തുവിൽ നിങ്ങളുടെ ആത്മികോന്നതി ലക്ഷ്യമാക്കിയാണ് ഞങ്ങൾ ഇതെല്ലാം ദൈവത്തിനുമുമ്പാകെ സംസാരിക്കുന്നത്.
20. ഞാൻ വരുമ്പോൾ, എനിക്ക് ഇഷ്ടപ്പെടാത്തവിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾക്ക് ഇഷ്ടമില്ലാത്തവിധത്തിൽ നിങ്ങൾ എന്നെ കാണുകയും ചെയ്യുമോ എന്നു ഞാൻ ഭയപ്പെടുന്നു; ഈർഷ്യ, ശണ്ഠ, ക്രോധം, സ്വാർഥമോഹം, ഭിന്നത, അപവാദം, ഏഷണി, അഹങ്കാരം, കലഹം എന്നിവ നിങ്ങളുടെ മധ്യത്തിൽ ഉണ്ടായിരിക്കുമോയെന്നും എനിക്ക് ആശങ്കയുണ്ട്.
21. ഞാൻ വീണ്ടും വരുമ്പോൾ പാപംചെയ്തിട്ടു, തങ്ങൾ ഏർപ്പെട്ടിരുന്ന അശുദ്ധി, ലൈംഗികാധർമം, വ്യഭിചാരം എന്നിവയെപ്പറ്റി അനുതപിക്കാത്ത പലരെ പിന്നെയും കണ്ട്, ലജ്ജിതനായി, ദൈവസന്നിധിയിൽ ദുഃഖിക്കേണ്ടിവരുമെന്നും ഞാൻ ഭയപ്പെടുന്നു. [PE]