1. {#1ധൂപപീഠം } [PS]“സുഗന്ധധൂപം കാട്ടുന്നതിന്, ഖദിരമരംകൊണ്ട് ഒരു ധൂപപീഠം ഉണ്ടാക്കണം.
2. അതു സമചതുരത്തിൽ, ഒരുമുഴം നീളവും ഒരുമുഴം വീതിയുമുള്ളതും, രണ്ടുമുഴം ഉയരമുള്ളതും ആയിരിക്കണം.[* ഏക. 45 സെ.മീ. നീളവും വീതിയും 90 സെ.മീ. ഉയരവും. ] അതിന്റെ കൊമ്പുകൾ ധൂപപീഠത്തിൽനിന്ന് ഒറ്റഖണ്ഡമായിരിക്കണം.
3. അതിന്റെ മേൽഭാഗവും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിയണം. അതിനുചുറ്റും തങ്കംകൊണ്ട് ഒരു വക്കും ഉണ്ടാക്കണം.
4. ധൂപപീഠം ചുമക്കേണ്ടതിനുള്ള തണ്ട് ഉറപ്പിക്കാൻ അതിന്റെ വക്കിനുതാഴേ രണ്ടുവശങ്ങളിലും ഈരണ്ടു തങ്കവളയങ്ങളും ഉറപ്പിക്കണം.
5. ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി, അതു തങ്കംകൊണ്ടു പൊതിയണം.
6. ഞാൻ നിന്നെ സന്ദർശിക്കുന്ന ഇടമായ—പേടകത്തിന്റെ പലകയുടെ മുകളിലുള്ള പാപനിവാരണസ്ഥാനത്തിന്റെ മുൻഭാഗത്ത്—ഉടമ്പടിയുടെ പേടകത്തെ മറയ്ക്കുന്ന തിരശ്ശീലയ്ക്കുമുമ്പിൽ ധൂപപീഠം വെക്കണം. [PE]
7. [PS]“അഹരോൻ എല്ലാ ദിവസവും പ്രഭാതത്തിൽ വിളക്ക് ഒരുക്കുമ്പോൾ ധൂപപീഠത്തിന്മേൽ സുഗന്ധധൂപം കാട്ടണം.
8. അഹരോൻ വൈകുന്നേരം വിളക്ക് കൊളുത്തുമ്പോഴും സുഗന്ധധൂപം കാട്ടണം, ഇതു തലമുറതലമുറയായി യഹോവയുടെമുമ്പിൽ പതിവായി അർപ്പിക്കുന്ന ധൂപം ആയിരിക്കണം.
9. ധൂപപീഠത്തിന്മേൽ നിങ്ങൾ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കുകയുമരുത്.
10. വർഷത്തിലൊരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; പ്രായശ്ചിത്തത്തിനുള്ള പാപശുദ്ധീകരണയാഗരക്തംകൊണ്ട് അവൻ വാർഷികപ്രായശ്ചിത്തം കഴിക്കണം. ഇതു തലമുറതലമുറയായി അനുഷ്ഠിക്കണം. ഇതു യഹോവയ്ക്ക് അതിവിശുദ്ധം.” [PE]
11. {#1വീണ്ടെടുപ്പുവില } [PS]യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:
12. “ഇസ്രായേൽജനത്തിന്റെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരിൽ ഓരോരുത്തരും താന്താങ്ങളുടെ ജീവനുവേണ്ടി യഹോവയ്ക്കു വീണ്ടെടുപ്പുവില കൊടുക്കണം; എങ്കിൽ അവരെ എണ്ണുന്നതുനിമിത്തം അവരുടെമേൽ ബാധ വരികയില്ല.
13. എണ്ണപ്പെടുന്നവരിൽ ഉൾപ്പെടുന്ന ഓരോരുത്തരും വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് അരശേക്കേൽ[† ഏക. 5.8 ഗ്രാം. ] കൊടുക്കണം. ഇരുപതു ഗേരയാണ് ഒരു ശേക്കേൽ. ഈ അരശേക്കേൽ യഹോവയ്ക്കു വഴിപാടാണ്.
14. എണ്ണപ്പെടുന്നവരിൽ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ളവരും യഹോവയ്ക്കു വഴിപാടു കൊടുക്കണം.
15. നിങ്ങളുടെ ജീവനുവേണ്ടിയുള്ള പ്രായശ്ചിത്തമായി നിങ്ങൾ യഹോവയ്ക്കു വഴിപാടു കൊടുക്കുമ്പോൾ ധനവാൻ അരശേക്കേലിൽ കൂടുതലോ ദരിദ്രൻ അതിൽ കുറച്ചോ കൊടുക്കരുത്.
16. നീ ഇസ്രായേൽമക്കളോടു പ്രായശ്ചിത്തദ്രവ്യം വാങ്ങി സമാഗമകൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി ഉപയോഗിക്കണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കുമ്പോൾ അതു യഹോവയുടെമുമ്പാകെ ഇസ്രായേൽമക്കൾക്കുവേണ്ടി ഒരു സ്മാരകമായിരിക്കും.” [PE]
17. {#1വെങ്കലംകൊണ്ടുള്ള തൊട്ടി } [PS]യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:
18. “കഴുകേണ്ടതിന് ഒരു വെങ്കലത്തൊട്ടിയും അതിന് ഒരു വെങ്കലക്കാലും നിർമിക്കണം. സമാഗമകൂടാരത്തിനും യാഗപീഠത്തിനും മധ്യേ അതു വെച്ച്, അതിൽ വെള്ളം ഒഴിക്കണം.
19. അഹരോനും അവന്റെ പുത്രന്മാരും അതിൽ കൈകാലുകൾ കഴുകണം.
20. അവർ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യഹോവയ്ക്കു ദഹനയാഗം കഴിക്കേണ്ടതിന് അവർ യാഗപീഠത്തിൽ ശുശ്രൂഷിക്കാൻ സമീപിക്കുമ്പോഴും തങ്ങൾ മരിക്കാതിരിക്കേണ്ടതിന് അവർ വെള്ളംകൊണ്ടു കഴുകണം.
21. അവർ മരിക്കാതിരിക്കേണ്ടതിന്, തങ്ങളുടെ കൈകാലുകൾ കഴുകണം. ഇത് അഹരോനും അവന്റെ സന്തതിക്കും തലമുറതലമുറയായി എന്നേക്കുമുള്ള ഒരു അനുഷ്ഠാനമായിരിക്കണം.” [PE]
22. {#1അഭിഷേകതൈലം } [PS]യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു:
23. “വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു താഴെപ്പറയുന്ന ഏറ്റവും മെച്ചമായ സുഗന്ധവർഗങ്ങൾ എടുക്കണം: അഞ്ഞൂറുശേക്കേൽ[‡ ഏക. 5.8 കി.ഗ്രാം. ] അയഞ്ഞമീറ, [§ അഥവാ, നറുമ്പശ ] അതിൽ പകുതി ഇരുനൂറ്റൻപതു ശേക്കേൽ സുഗന്ധലവംഗവും ഇരുനൂറ്റൻപതു ശേക്കേൽ [* ഏക. 2.9 കി.ഗ്രാം. ] സൗരഭ്യമുള്ള വയമ്പും
24. അഞ്ഞൂറുശേക്കേൽ വഴനപ്പട്ടയും ഒരു ഹീൻ[† ഏക. 3.8 ലി. ] ഒലിവെണ്ണയും എടുക്കണം.
25. ഇവ, സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം ചേർത്ത് വിശുദ്ധമായ അഭിഷേകതൈലം ഉണ്ടാക്കണം; അതു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കണം.
26. ഈ തൈലംകൊണ്ടു നീ സമാഗമകൂടാരവും, ഉടമ്പടിയുടെ പേടകവും
27. മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും നിലവിളക്കും അതിന്റെ എല്ലാ ഉപകരണങ്ങളും ധൂപപീഠവും
28. ഹോമയാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും തൊട്ടിയും അതിന്റെ കാലും അഭിഷേകംചെയ്യണം.
29. അവ അതിവിശുദ്ധമായിരിക്കേണ്ടതിനു നീ അവയെ ശുദ്ധീകരിക്കണം; അവയെ തൊടുന്നവരെല്ലാം വിശുദ്ധരായിരിക്കണം. [PE]
30. [PS]“എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നീ അഹരോനെയും അവന്റെ പുത്രന്മാരെയും അഭിഷേകംചെയ്തു ശുദ്ധീകരിക്കണം.
31. ‘ഇതു തലമുറതലമുറയായി എന്റെ വിശുദ്ധഅഭിഷേകതൈലം ആയിരിക്കണം’ എന്നു നീ ഇസ്രായേൽമക്കളോടു പറയണം.
32. ‘മറ്റാരുടെയും ശരീരത്തിൽ അത് ഒഴിക്കരുത്; അതേ യോഗവിധിപ്രകാരം അതുപോലെയൊന്ന് നിങ്ങൾ നിർമിക്കുകയുമരുത്. അതു വിശുദ്ധമാണ്; നിങ്ങൾ അതിനെ വിശുദ്ധമായി കരുതണം.
33. അതുപോലെയൊന്നു നിർമിക്കുകയോ മറ്റാരുടെയെങ്കിലുംമേൽ ഒഴിക്കുകയോ ചെയ്യുന്നവനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം.’ ” [PE]
34. {#1സുഗന്ധവർഗം } [PS]യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: “നീ തുല്യതൂക്കം നറുമ്പശ, ഗുൽഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗങ്ങളും ശുദ്ധകുന്തിരിക്കവും എടുക്കണം.
35. സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം ഉപ്പും ചേർത്തു വിശുദ്ധവും നിർമലവുമായ സുഗന്ധവർഗം ഉണ്ടാക്കണം.
36. നീ ഇതിൽ കുറെ ഇടിച്ചു പൊടിയാക്കി, ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന സമാഗമകൂടാരത്തിലെ ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ വെക്കണം. അതു നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കണം.
37. ഇതേ യോഗവിധിപ്രകാരം നിങ്ങൾക്കുവേണ്ടി സുഗന്ധവർഗം ഉണ്ടാക്കരുത്; ഇതു യഹോവയ്ക്കു വിശുദ്ധമായിരിക്കണം.
38. സൗരഭ്യം ആസ്വദിക്കേണ്ടതിന് അതുപോലെയുള്ള സുഗന്ധവർഗം ഉണ്ടാക്കുന്നവനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം.” [PE]