1. {#1യാക്കോബ് ലാബാന്റെ അടുക്കൽനിന്ന് ഓടിപ്പോകുന്നു } [PS]“ഞങ്ങളുടെ അപ്പന്റെ സ്വന്തമായിരുന്നതെല്ലാം യാക്കോബ് എടുത്തു; അപ്പന്റെ സ്വത്തിൽനിന്ന് അദ്ദേഹം ഈ ധനമെല്ലാം സമ്പാദിച്ചിരിക്കുന്നു,” എന്നു ലാബാന്റെ പുത്രന്മാർ പറയുന്നതായി യാക്കോബ് കേട്ടു.
2. ലാബാനു തന്നോടുള്ള മനോഭാവം പണ്ടത്തേതിൽനിന്ന് മാറിപ്പോയിരിക്കുന്നു എന്നതും യാക്കോബ് ശ്രദ്ധിച്ചു. [PE]
3.
4. [PS]അപ്പോൾ യഹോവ യാക്കോബിനോട്, “നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ബന്ധുക്കളുടെ അടുത്തേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും” എന്ന് അരുളിച്ചെയ്തു. [PE][PS]യാക്കോബ് ആളയച്ച് റാഹേലിനെയും ലേയയെയും തന്റെ ആട്ടിൻപറ്റങ്ങൾ മേയുന്ന വയലിലേക്കു വിളിപ്പിച്ചു.
5. അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ അപ്പന് എന്നോടുള്ള മനോഭാവം മാറിപ്പോയിരിക്കുന്നു എന്നു ഞാൻ കാണുന്നു; എന്നാൽ എന്റെ പിതാവിന്റെ ദൈവം ഇതുവരെയും എന്നോടുകൂടെയിരുന്നു.
6. എന്റെ കഴിവു മുഴുവൻ ഉപയോഗിച്ചു ഞാൻ നിങ്ങളുടെ അപ്പനുവേണ്ടി ജോലിചെയ്തുവെന്നു നിങ്ങൾക്കറിയാമല്ലോ;
7. എന്നാൽ നിങ്ങളുടെ അപ്പൻ പത്തുപ്രാവശ്യം എന്റെ പ്രതിഫലം മാറ്റുകയും അങ്ങനെ എന്നെ കബളിപ്പിക്കുകയും ചെയ്തു. ഏതായിരുന്നാലും എനിക്കു ദോഷം ചെയ്യാൻ ദൈവം അദ്ദേഹത്തെ അനുവദിച്ചില്ല.
8. ‘പുള്ളിയുള്ളവ നിന്റെ പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആട്ടിൻപറ്റങ്ങളെല്ലാം പുള്ളിയുള്ള കുട്ടികളെ പ്രസവിച്ചു; ‘വരയുള്ളതെല്ലാം നിന്റെ പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞപ്പോഴെല്ലാം ആട്ടിൻപറ്റങ്ങൾ വരയുള്ള കുട്ടികളെ പെറ്റു.
9. അങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻപറ്റത്തെ എടുത്ത് എനിക്കു തന്നിരിക്കുന്നു. [PE]
10. [PS]“ആടുകൾ ചനയേൽക്കുന്ന കാലത്ത്, ഇണചേരുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവയാണെന്ന് ഞാൻ സ്വപ്നത്തിൽ കണ്ടു.
11. ദൈവത്തിന്റെ ദൂതൻ എന്നെ സ്വപ്നത്തിൽ ‘യാക്കോബേ,’ എന്നു വിളിച്ചു. ‘അടിയൻ ഇതാ’ എന്നു ഞാൻ ഉത്തരം പറഞ്ഞു.
12. അപ്പോൾ അവിടന്ന്: ‘നീ തലയുയർത്തി നോക്കുക, ഇണചേരുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവതന്നെ; ലാബാൻ നിന്നോടു ചെയ്തുപോന്നതെല്ലാം ഞാൻ കണ്ടിരിക്കുന്നു.
13. നീ തൂണിനെ അഭിഷേകംചെയ്തതും എന്നോടു ശപഥംചെയ്തതുമായ ബേഥേലിലെ ദൈവമാണ് ഞാൻ. നീ ഉടൻതന്നെ ഈ ദേശംവിട്ട് നിന്റെ സ്വദേശത്തേക്കു മടങ്ങിപ്പോകുക എന്ന് അരുളിച്ചെയ്തു.’ ” [PE]
14. [PS]അപ്പോൾ റാഹേലും ലേയയും ഇങ്ങനെ മറുപടി പറഞ്ഞു: “ഞങ്ങളുടെ പിതാവിന്റെ സ്വത്തിൽ ഞങ്ങൾക്ക് അവകാശപ്പെട്ട ഓഹരി ഇനി എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ?
15. അദ്ദേഹം ഞങ്ങളെ പ്രവാസികളായിട്ടല്ലയോ കണക്കാക്കുന്നത്? ഞങ്ങളെ വിൽക്കുകമാത്രമല്ല, ഞങ്ങളുടെ വിലയായി ലഭിച്ചത് ഉപയോഗിച്ചുതീർക്കുകയും ചെയ്തിരിക്കുന്നു.
16. ഞങ്ങളുടെ പിതാവിന്റെ പക്കൽനിന്ന് ദൈവം നീക്കംചെയ്ത സ്വത്തുക്കൾ എല്ലാം ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുങ്ങൾക്കും ഉള്ളതാണ്. അതുകൊണ്ട് ദൈവം അങ്ങയോട് എന്തു പറഞ്ഞിരിക്കുന്നോ അതു ചെയ്തുകൊൾക.” [PE]
17. [PS]ഇതിനുശേഷം യാക്കോബ് തന്റെ കുട്ടികളെയും ഭാര്യമാരെയും ഒട്ടകങ്ങളുടെ പുറത്തു കയറ്റി;
18. തനിക്കുള്ള സകല ആടുമാടുകളും പദ്ദൻ-അരാമിൽവെച്ചു സമ്പാദിച്ച എല്ലാ വസ്തുക്കളും തനിക്കുമുമ്പേ അയച്ചു; ഇങ്ങനെ കനാൻദേശത്തു തന്റെ പിതാവായ യിസ്ഹാക്കിന്റെ അടുക്കലേക്ക് അദ്ദേഹം യാത്രപുറപ്പെട്ടു. [PE]
19. [PS]ലാബാൻ തന്റെ ആടുകളുടെ രോമം കത്രിക്കുന്നതിനു പോയിരുന്നപ്പോൾ റാഹേൽ അവളുടെ അപ്പന്റെ ഗൃഹബിംബങ്ങൾ മോഷ്ടിച്ചു.
20. യാക്കോബും താൻ ഓടിപ്പോകുന്നെന്ന് അരാമ്യനായ ലാബാനോട് അറിയിക്കാതിരുന്നതു നിമിത്തം അദ്ദേഹത്തെ കബളിപ്പിച്ചാണു പോയത്.
21. അങ്ങനെ തനിക്കുള്ള സകലവുമായി യാക്കോബ് ഓടിപ്പോയി; അദ്ദേഹം യൂഫ്രട്ടീസ് നദികടന്ന് ഗിലെയാദ് പർവതം ലക്ഷ്യമാക്കി യാത്രതുടർന്നു. [PE]
22. {#1ലാബാൻ യാക്കോബിനെ പിൻതുടരുന്നു } [PS]യാക്കോബ് ഓടിപ്പോയി എന്നു മൂന്നാംദിവസം ലാബാന് അറിവുലഭിച്ചു.
23. അദ്ദേഹം തന്റെ ബന്ധുക്കളെക്കൂട്ടി ഏഴുദിവസം യാക്കോബിനെ പിൻതുടർന്നു; ഗിലെയാദിലെ മലമ്പ്രദേശത്തുവെച്ച് യാക്കോബിനൊപ്പമെത്തി.
24. എന്നാൽ, ദൈവം രാത്രിയിൽ—അരാമ്യനായ ലാബാന്റെ അടുക്കൽ—സ്വപ്നത്തിൽ വന്ന് അയാളോട്, “നീ യാക്കോബിനോടു ഗുണമോ ദോഷമോ പറയാതിരിക്കാൻ സൂക്ഷിക്കുക” എന്ന് അരുളിച്ചെയ്തു. [PE]
25. [PS]ലാബാൻ തന്റെ മുന്നിൽ കയറിയ സമയം യാക്കോബ് ഗിലെയാദിലെ മലമ്പ്രദേശത്തു കൂടാരം അടിച്ചിരുന്നു. ലാബാനും തന്റെ ബന്ധുക്കളോടൊപ്പം ഗിലെയാദ് പർവതത്തിൽ കൂടാരം അടിച്ചു.
26. പിന്നെ ലാബാൻ യാക്കോബിനോടു പറഞ്ഞു: “നീ എന്താണു ചെയ്തത്? എന്നെ കബളിപ്പിച്ച് എന്റെ പെൺമക്കളെ യുദ്ധത്തടവുകാരെപ്പോലെ കൊണ്ടുപോന്നിരിക്കുന്നു!
27. എന്തിനാണ് ഒളിച്ചോടുകയും എന്നെ വഞ്ചിക്കുകയും ചെയ്തത്? എന്നോടു നീ പറയാതിരുന്നതെന്ത്? പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ തംബുരു, കിന്നരം എന്നിവയുടെ സംഗീതത്തോടുകൂടി സന്തോഷത്തോടെ യാത്രയയയ്ക്കുമായിരുന്നു?
28. എന്റെ കൊച്ചുമക്കളെയും പെൺമക്കളെയും ചുംബിച്ചു യാത്രയയയ്ക്കാനുള്ള അവസരംപോലും നീ എനിക്കു തന്നില്ല. നീ ചെയ്തത് ഭോഷത്തമാണ്.
29. നിനക്കു ദോഷം ചെയ്യാൻ എനിക്കു ശക്തിയുണ്ട്; എന്നാൽ, കഴിഞ്ഞരാത്രിയിൽ നിന്റെ അപ്പന്റെ ദൈവം ‘യാക്കോബിനോടു ഗുണമോ ദോഷമോ ഒന്നും പറയാതിരിക്കാൻ സൂക്ഷിക്കുക’ എന്ന് എന്നോടു കൽപ്പിച്ചു.
30. നീ ഇപ്പോൾ അപ്പന്റെ വീട്ടിൽ എത്താനുള്ള മോഹംകൊണ്ടാണു പോന്നത്. ആകട്ടെ, എന്റെ ദേവന്മാരെ നീ മോഷ്ടിച്ചതെന്തിന്?” [PE]
31. [PS]അതിനുത്തരമായി യാക്കോബ് ലാബാനോടു പറഞ്ഞു: “അങ്ങു ബലം പ്രയോഗിച്ച് അങ്ങയുടെ പെൺമക്കളെ എന്റെ പക്കൽനിന്നു കൊണ്ടുപോകും എന്നു ഞാൻ ചിന്തിച്ച് ഭയപ്പെട്ടു.
32. എന്നാൽ, അങ്ങയുടെ ദേവന്മാരെ ആരുടെയെങ്കിലും കൈവശം കണ്ടാൽ ആ വ്യക്തി ജീവിച്ചിരിക്കരുത്. അങ്ങയുടെ വസ്തുക്കളിൽ എന്തെങ്കിലും ഇവിടെ എന്റെപക്കൽ ഉണ്ടോ എന്ന് നമ്മുടെ ബന്ധുക്കളുടെമുമ്പിൽവെച്ചു പരിശോധിക്കുക; ഉണ്ടെങ്കിൽ എടുത്തുകൊള്ളുക.” എന്നാൽ, റാഹേൽ അവയെ മോഷ്ടിച്ചത് യാക്കോബ് അറിഞ്ഞിരുന്നില്ല. [PE]
33. [PS]ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയായുടെ കൂടാരത്തിലും ദാസിമാരുടെ രണ്ടുപേരുടെയും കൂടാരത്തിലും ചെന്നു; എന്നാൽ ഒന്നും കണ്ടെടുത്തില്ല. ലേയയുടെ കൂടാരത്തിൽനിന്നു പുറത്തുവന്നതിനുശേഷം അദ്ദേഹം റാഹേലിന്റെ കൂടാരത്തിലേക്കുചെന്നു.
34. റാഹേൽ ഗൃഹബിംബങ്ങളെ എടുത്ത് ഒട്ടകത്തിന്റെ ജീനിയിൽ വെച്ചിട്ട് അതിന്മേൽ ഇരിക്കുകയായിരുന്നു. ലാബാൻ കൂടാരത്തിനുള്ളിലുള്ള സകലതും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. [PE]
35.
36. [PS]റാഹേൽ തന്റെ പിതാവിനോട്, “പ്രഭോ, അങ്ങു കോപിക്കരുതേ, അടിയന് സ്ത്രീകൾക്കുള്ള പതിവു വന്നിരിക്കുന്നതിനാൽ അങ്ങയുടെ സന്നിധിയിൽ എഴുന്നേറ്റു നിൽക്കാൻ വയ്യാ” എന്നു പറഞ്ഞു. അദ്ദേഹം എല്ലായിടത്തും ഗൃഹബിംബങ്ങൾ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. [PE][PS]യാക്കോബ് കോപിഷ്ഠനായി; അദ്ദേഹം ലാബാനോടു കയർത്തു: “എന്താണ് എന്റെ കുറ്റം? എന്നെ വേട്ടയാടാൻ ഞാൻ ചെയ്ത അപരാധം എന്ത്?
37. താങ്കൾ എന്റെ വസ്തുവകകളെല്ലാം അരിച്ചുപെറുക്കി നോക്കിയല്ലോ! താങ്കളുടെ വീട്ടിലെ ഏതെങ്കിലും സാധനം കണ്ടെടുത്തോ? എങ്കിൽ അത് ഇവിടെ താങ്കളുടെയും എന്റെയും ബന്ധുക്കളുടെയും മുമ്പാകെ വെക്കുക; അവർ നമുക്കു രണ്ടുപേർക്കും മധ്യേ ന്യായംവിധിക്കട്ടെ. [PE]
38. [PS]“കഴിഞ്ഞ ഇരുപതുവർഷം ഞാൻ താങ്കളുടെകൂടെ ജീവിച്ചു; താങ്കളുടെ ചെമ്മരിയാടുകൾക്കോ കോലാടുകൾക്കോ ഗർഭനാശം സംഭവിച്ചില്ല; ആട്ടിൻപറ്റങ്ങളിൽനിന്ന് ആട്ടുകൊറ്റന്മാരെ ഞാൻ തിന്നിട്ടുമില്ല.
39. വന്യജന്തുക്കൾ കീറിക്കളഞ്ഞവയെ ഞാൻ താങ്കളുടെ അടുക്കൽ എത്തിച്ചില്ല; നഷ്ടം ഞാൻതന്നെ സഹിച്ചു. പകലാകട്ടെ രാത്രിയാകട്ടെ, മോഷ്ടിക്കപ്പെട്ട സകലതിന്റെയും വില താങ്കൾ എന്നോട് ആവശ്യപ്പെട്ടു.
40. എന്റെ സ്ഥിതി ഇതായിരുന്നു: പകലിൽ അത്യുഷ്ണവും രാത്രിയിൽ അതിശൈത്യവും എന്നെ ക്ഷയിപ്പിച്ചു; എന്റെ കണ്ണുകൾക്ക് ഉറക്കം ഇല്ലാതെയായി.
41. ഞാൻ താങ്കളുടെ വീട്ടിൽ ചെലവഴിച്ച ഇരുപതുവർഷവും സ്ഥിതി ഇതുതന്നെ ആയിരുന്നു. താങ്കളുടെ രണ്ടു പുത്രിമാർക്കുവേണ്ടി പതിന്നാലു വർഷവും താങ്കളുടെ ആട്ടിൻപറ്റങ്ങൾക്കുവേണ്ടി ആറു വർഷവും ഞാൻ താങ്കളെ സേവിച്ചു; താങ്കൾ പത്തുപ്രാവശ്യം എന്റെ പ്രതിഫലം മാറ്റി.
42. എന്റെ പിതാവിന്റെ ദൈവം—അതേ, അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ—എന്നോടുകൂടെ ഇല്ലായിരുന്നെങ്കിൽ താങ്കൾ എന്നെ വെറുംകൈയോടെ അയച്ചുകളയുമായിരുന്നു. എന്നാൽ ദൈവം എന്റെ കഷ്ടപ്പാടും എന്റെ കൈകളുടെ അത്യധ്വാനവും കാണുകയും കഴിഞ്ഞരാത്രിയിൽ താങ്കളെ ശാസിക്കുകയും ചെയ്തിരിക്കുന്നു.” [PE]
43. [PS]അതിനു ലാബാൻ യാക്കോബിനോട്: “ഈ സ്ത്രീകൾ എന്റെ പുത്രിമാർ; ഈ പുത്രന്മാർ എന്റെ പുത്രന്മാർ; ഈ ആട്ടിൻപറ്റം എന്റെ ആട്ടിൻപറ്റം. നീ കാണുന്നതെല്ലാം എന്റേത്. എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച പുത്രന്മാരോടോ ഞാൻ എന്തു ചെയ്യാനാണ്?
44. ഇപ്പോൾ വരിക, ഞാനും നീയുംതമ്മിൽ ഒരു ഉടമ്പടി ചെയ്യാം; അത് എനിക്കും നിനക്കും മധ്യേ സാക്ഷിയായിരിക്കട്ടെ” എന്ന് ഉത്തരം പറഞ്ഞു. [PE]
45. [PS]അങ്ങനെ യാക്കോബ് ഒരു കല്ല് എടുത്തു തൂണാക്കി നാട്ടി.
46. അദ്ദേഹം തന്റെ ബന്ധുക്കളോട്: “കുറെ കല്ലുകൾ ശേഖരിക്കുക” എന്നു പറഞ്ഞു. അവർ കല്ലുകൾ ശേഖരിച്ച് ഒരു കൂമ്പാരമായി കൂട്ടി; അതിനുശേഷം അവർ അതിനരികിൽ ഇരുന്ന് ആഹാരം കഴിച്ചു.
47. ലാബാൻ അതിന് യെഗർ-സാഹദൂഥാ[* യെഗർ-സാഹദൂഥാ എന്ന അരാമ്യവാക്കിന് സാക്ഷ്യക്കൂമ്പാരം എന്നർഥം. ] എന്നും യാക്കോബ്, ഗലേദ് [† സാക്ഷ്യക്കൂമ്പാരം എന്നർഥം. ] എന്നും പേരിട്ടു. [PE]
48. [PS]പിന്നെ ലാബാൻ: “ഈ കൂമ്പാരം ഇന്ന് എനിക്കും നിനക്കും മധ്യേ ഒരു സാക്ഷിയാണ്” എന്നു പറഞ്ഞു. ഇക്കാരണത്താൽ അതിനു ഗലേദ് എന്നു പേരിട്ടു.
49. “നമ്മൾ പരസ്പരം അകലെ ആയിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും മധ്യേ കാവൽനിൽക്കട്ടെ.
50. നീ എന്റെ പുത്രിമാരോട് ക്രൂരമായി പെരുമാറുകയോ ഇവരെക്കൂടാതെ മറ്റു ഭാര്യമാരെ സ്വീകരിക്കുകയോ ചെയ്താൽ, നമ്മോടുകൂടെ ആരും ഇല്ലെങ്കിൽപോലും, ദൈവം നിനക്കും എനിക്കും മധ്യേ സാക്ഷിയാകുന്നു എന്ന് ഓർത്തുകൊള്ളുക” എന്നും ലാബാൻ പറഞ്ഞു. അതുകൊണ്ട് ആ കൂമ്പാരത്തിനു മിസ്പാ[‡ കാവൽഗോപുരം എന്നർഥം. ] എന്നും പേരുണ്ടായി. [PE]
51. [PS]ലാബാൻ വീണ്ടും യാക്കോബിനോടു പറഞ്ഞു: “ഇതാ, ഈ കൂമ്പാരം! ഇതാ, നിനക്കും എനിക്കും മധ്യേ ഞാൻ നാട്ടിയ തൂൺ!
52. നിനക്കു ദോഷം ചെയ്യാൻ ഈ കൂമ്പാരത്തിന് അപ്പുറത്തേക്കു ഞാൻ വരികയില്ല എന്നതിനും എനിക്കു ദോഷം ചെയ്യാൻ ഈ കൂമ്പാരത്തിനും തൂണിനും ഇപ്പുറത്തേക്കു നീ വരികയില്ല എന്നതിനും ഈ കൂമ്പാരം സാക്ഷി! ഈ തൂണും സാക്ഷി!
53. അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവൻ നമുക്കുമധ്യേ ന്യായംവിധിക്കട്ടെ.” [PE][PS]അപ്പോൾ യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവന്റെ നാമത്തിൽ ശപഥംചെയ്തു.
54. അദ്ദേഹം ആ മലയിൽ ഒരു യാഗം അർപ്പിക്കുകയും വിരുന്നിനു സഹോദരന്മാരെ ക്ഷണിക്കുകയും ചെയ്തു. ഭക്ഷണത്തിനുശേഷം എല്ലാവരും ആ രാത്രി അവിടെത്തന്നെ താമസിച്ചു. [PE]
55. [PS]പിറ്റേന്ന് അതിരാവിലെ ലാബാൻ തന്റെ പേരക്കിടാങ്ങളെയും പെൺമക്കളെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. പിന്നെ അദ്ദേഹം അവിടംവിട്ട് സ്വദേശത്തേക്കു മടങ്ങിപ്പോയി. [PE]