1. {#1യിരെമ്യാവ് കാരാഗൃഹത്തിൽ } [PS]ബാബേൽരാജാവായ നെബൂഖദ്നേസർ, യോശിയാവിന്റെ പുത്രനായ സിദെക്കീയാവിനെ യെഹൂദാദേശത്തു രാജാവായി വാഴിച്ചു; അദ്ദേഹം യെഹോയാക്കീമിന്റെ മകനായ യെഹോയാഖീന്റെ[* മൂ.ഭാ. കൊന്യാവ്, യെഹോയാഖീൻ എന്നതിന്റെ മറ്റൊരുരൂപം. ] സ്ഥാനത്ത് രാജ്യഭരണം നടത്തി.
2. എന്നാൽ അദ്ദേഹമോ അദ്ദേഹത്തിന്റെ ഭൃത്യരോ ദേശത്തിലെ ജനമോ യിരെമ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്ത വചനങ്ങൾ അനുസരിച്ചില്ല. [PE]
3.
4. [PS]എങ്കിലും സിദെക്കീയാരാജാവ്, ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും[† യൂഖൽ, യെഹൂഖൽ എന്നതിന്റെ മറ്റൊരുരൂപം. ] മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ച്, “അങ്ങ് ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ ദൈവമായ യഹോവയോടു പ്രാർഥിക്കണമേ,” എന്നു പറയിച്ചു. [PE][PS]യിരെമ്യാവ് അപ്പോഴും ജനങ്ങളുടെ അടുക്കൽ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു; അതുവരെ അദ്ദേഹം കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്നില്ല.
5. ഈ ഘട്ടത്തിൽ ഫറവോന്റെ സൈന്യം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടിരുന്നു; അവരെക്കുറിച്ചുള്ള വാർത്ത ജെറുശലേമിന് ഉപരോധം ഏർപ്പെടുത്തിയിരുന്ന ബാബേല്യർ[‡ അഥവാ, കൽദയർ ] കേട്ടപ്പോൾ അവർ ജെറുശലേമിൽനിന്നു പിൻവാങ്ങി. [PE]
6. [PS]അപ്പോൾ യഹോവയുടെ അരുളപ്പാട് ഇപ്രകാരം യിരെമ്യാപ്രവാചകന് ഉണ്ടായി:
7. “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നോട് അരുളപ്പാട് ചോദിക്കാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ ഇപ്രകാരം പറയുക: ‘ഇതാ നിങ്ങളെ സഹായിക്കാൻ പുറപ്പെട്ടിരുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ ഈജിപ്റ്റിലേക്കുതന്നെ മടങ്ങിപ്പോകും.
8. ബാബേല്യർ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധംചെയ്യും; അവർ ഈ നഗരം പിടിച്ചടക്കി അഗ്നിക്കിരയാക്കും.’ [PE]
9. [PS]“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ബാബേല്യർ തീർച്ചയായും നമ്മെ വിട്ടുപോകും,’ എന്നു പറഞ്ഞ് നിങ്ങളെത്തന്നെ വഞ്ചിക്കരുത്. അവർ വിട്ടുപോകുകയില്ല!
10. നിങ്ങൾക്കെതിരേ യുദ്ധംചെയ്യുന്ന ബാബേല്യരുടെ[§ അഥവാ, കൽദയരുടെ ] മുഴുവൻ സൈന്യത്തെയും നിങ്ങൾ തോൽപ്പിക്കുകയും മുറിവേറ്റ ആളുകൾമാത്രം അവരുടെ കൂടാരങ്ങളിൽ ശേഷിക്കുകയും ചെയ്താലും, അവർ തങ്ങളുടെ കൂടാരത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഈ നഗരം തീവെച്ചു ചുട്ടുകളയും.” [PE]
11. [PS]ഫറവോന്റെ സൈന്യംനിമിത്തം ബാബേല്യരുടെ സൈന്യം ജെറുശലേം വിട്ടുപോയപ്പോൾ,
12. യിരെമ്യാവ് ജെറുശലേംവിട്ട് ബെന്യാമീൻദേശത്തേക്കുപോയി. അവിടത്തെ ജനങ്ങൾക്കിടയിൽ തനിക്കുള്ള ചില അവകാശസ്ഥലങ്ങൾ സ്വന്തമാക്കാനായിരുന്നു ആ യാത്ര.
13. എന്നാൽ അദ്ദേഹം ബെന്യാമീൻകവാടത്തിൽ എത്തിയപ്പോൾ, ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകനായ യിരീയാവ് കാവൽക്കാരുടെ അധിപനായി അവിടെ ഉണ്ടായിരുന്നു. “നീ ബാബേല്യരുടെ പക്ഷത്തു ചേരാൻ ഇവിടം ഉപേക്ഷിച്ചു പോകുകയാണ്!” എന്നു പറഞ്ഞുകൊണ്ട് അയാൾ യിരെമ്യാപ്രവാചകനെ പിടിച്ചു. [PE]
14. [PS]എന്നാൽ യിരെമ്യാവ്, “അതു സത്യമല്ല! ഞാൻ ബാബേല്യരുടെ പക്ഷത്തു ചേരാൻ ഇവിടം ഉപേക്ഷിച്ചു പോകുകയല്ല” എന്നു പറഞ്ഞു. എന്നിട്ടും യിരീയാവ് ആ വാക്കു ശ്രദ്ധിക്കാതെ യിരെമ്യാവിനെ ബന്ധിച്ച് പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുവന്നു.
15. അപ്പോൾ പ്രഭുക്കന്മാർ യിരെമ്യാവിന്റെ നേരേ കോപിച്ച് അദ്ദേഹത്തെ മർദിച്ചു. അവർ അദ്ദേഹത്തെ ലേഖകനായ യോനാഥാന്റെ വീട്ടിൽ തടവിലാക്കി; അവർ അതിനെ കാരാഗൃഹമാക്കിയിരുന്നു. [PE]
16. [PS]അങ്ങനെ യിരെമ്യാവ് അവിടത്തെ ഇരുട്ടറയ്ക്കുള്ളിൽ അനേകദിവസം കഴിച്ചുകൂട്ടി.
17. അതിനുശേഷം സിദെക്കീയാരാജാവ് ആളയച്ച് അദ്ദേഹത്തെ കൊട്ടാരത്തിലേക്കു വരുത്തി. തന്റെ അരമനയിൽവെച്ചു രാജാവ് രഹസ്യമായി അദ്ദേഹത്തോട്: “യഹോവയിൽനിന്ന് വല്ല അരുളപ്പാടുമുണ്ടോ” എന്നു ചോദിച്ചു. [PE]
18. [PS]“ഉണ്ട്, താങ്കൾ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും,” എന്നു യിരെമ്യാവ് ഉത്തരം പറഞ്ഞു. [PE][PS]യിരെമ്യാവ് സിദെക്കീയാരാജാവിനോട് ഇതുംകൂടി പറഞ്ഞു: “താങ്കൾ എന്നെ കാരാഗൃഹത്തിൽ അടയ്ക്കാൻ തക്കവണ്ണം ഞാൻ താങ്കളോടോ താങ്കളുടെ ഭൃത്യന്മാരോടോ ഈ ജനത്തിനോടോ എന്തു കുറ്റമാണു ചെയ്തത്?
19. ‘ബാബേൽരാജാവ് താങ്കളെയോ ഈ ദേശത്തെയോ ആക്രമിക്കുകയില്ല,’ എന്നു പ്രവചിച്ച താങ്കളുടെ പ്രവാചകന്മാർ എവിടെ?
20. എന്നാലിപ്പോൾ യജമാനനായ രാജാവേ, കേൾക്കണമേ. എന്റെ അപേക്ഷ അവിടന്നു കൈക്കൊള്ളണമേ. ഞാൻ ലേഖകനായ യോനാഥാന്റെ വീട്ടിൽക്കിടന്നു മരിക്കാതിരിക്കേണ്ടതിന് അവിടേക്കു ഞാൻ മടങ്ങിപ്പോകാൻ ഇടയാക്കരുതേ.” [PE]
21. [PS]അതുകൊണ്ട് സിദെക്കീയാരാജാവ് കൽപ്പന കൊടുത്തിട്ട്, അവർ യിരെമ്യാവിനെ കാവൽപ്പുരമുറ്റത്ത് ബന്ധിച്ചു. നഗരത്തിലെ ഭക്ഷണം തീർന്നുപോകുംവരെ അപ്പക്കാരുടെ തെരുവിൽനിന്ന് ദിനംതോറും ഓരോ അപ്പം നൽകുന്നതിനും ഏർപ്പാടുചെയ്തു. അങ്ങനെ യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു. [PE]