1. {#1ലാസറിന്റെ മരണം } [PS]മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബെഥാന്യയിൽ ലാസർ എന്നു പേരുള്ള ഒരു മനുഷ്യൻ രോഗിയായിക്കിടന്നിരുന്നു.
2. ഈ മറിയ ആയിരുന്നു കർത്താവിന്റെമേൽ സുഗന്ധതൈലം പകരുകയും പാദങ്ങൾ തന്റെ തലമുടികൊണ്ടു തുടയ്ക്കുകയും ചെയ്തത്. അവളുടെ സഹോദരനായിരുന്നു രോഗിയായിരുന്ന ലാസർ.
3. ആ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ച്, “കർത്താവേ, അങ്ങയുടെ സ്നേഹിതൻ രോഗിയായിക്കിടക്കുന്നു” എന്നറിയിച്ചു. [PE]
4. [PS]ഇതു കേട്ട് യേശു, “ഈ രോഗം മരണകാരണമല്ല; പിന്നെയോ, ദൈവമഹത്ത്വത്തിനും അതിലൂടെ ദൈവപുത്രൻ മഹത്ത്വപ്പെടേണ്ടതിനും വേണ്ടിയുള്ളതാണ്” എന്നു പറഞ്ഞു.
5. യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു.
6. എന്നിട്ടും ലാസർ രോഗിയായിരിക്കുന്നു എന്നു കേട്ടിട്ട് താൻ ആയിരുന്ന സ്ഥലത്ത് അദ്ദേഹം രണ്ടുദിവസംകൂടി താമസിച്ചു.
7. അതിനുശേഷം യേശു ശിഷ്യന്മാരോട്, “നമുക്കു യെഹൂദ്യയിലേക്കു തിരിച്ചുപോകാം” എന്നു പറഞ്ഞു. [PE]
8.
9. [PS]അപ്പോൾ അവർ ചോദിച്ചു: “റബ്ബീ, അൽപ്പകാലം മുമ്പല്ലേ യെഹൂദനേതാക്കന്മാർ അങ്ങയെ കല്ലെറിയാൻ ഭാവിച്ചത്? എന്നിട്ടും അങ്ങ് അവിടേക്കു തിരിച്ചുപോകുന്നോ?” [PE][PS]യേശു മറുപടി പറഞ്ഞു: “പന്ത്രണ്ടുമണിക്കൂറല്ലേ പകലിനുള്ളത്? ഈ ലോകത്തിന്റെ പ്രകാശം കാണാൻ കഴിയുന്നതുകൊണ്ട് പകലിൽ നടക്കുന്ന മനുഷ്യൻ തട്ടിവീഴുന്നില്ല.
10. എന്നാൽ രാത്രിയിൽ നടക്കുന്നയാൾ പ്രകാശമില്ലാത്തതുകൊണ്ടു കാലിടറിവീഴുന്നു.” [PE]
11.
12. [PS]ഇതു പറഞ്ഞിട്ട് യേശു തുടർന്നു: “നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊണ്ടിരിക്കുന്നു, അവനെ ഉണർത്താൻ ഞാൻ അവിടേക്കു പോകുന്നു.” [PE][PS]ശിഷ്യന്മാർ ഉത്തരം പറഞ്ഞു. “കർത്താവേ, അയാൾ ഉറങ്ങുകയാണെങ്കിൽ സുഖംപ്രാപിക്കുമല്ലോ?”
13. യേശു അയാളുടെ മരണത്തെക്കുറിച്ചായിരുന്നു സൂചിപ്പിച്ചത്; എന്നാൽ, സാധാരണ ഉറക്കത്തെക്കുറിച്ചാണ് യേശു പറഞ്ഞതെന്ന് ശിഷ്യന്മാർ തെറ്റിദ്ധരിച്ചു. [PE]
14. [PS]അപ്പോൾ യേശു സ്പഷ്ടമായി പറഞ്ഞു. “ലാസർ മരിച്ചുപോയി.
15. നിങ്ങൾ വിശ്വസിക്കാൻ ഇതു കാരണമാകുമല്ലോ എന്നതിനാൽ ഞാൻ അവിടെ ഇല്ലാതിരുന്നതിൽ നിങ്ങളെ ഓർത്ത് ആനന്ദിക്കുന്നു. നമുക്ക് അവന്റെ അടുത്തേക്കു പോകാം.” [PE]
16.
17. [PS]അപ്പോൾ ദിദിമൊസ് എന്നു പേരുള്ള തോമസ്, “നമുക്കും പോകാം അദ്ദേഹത്തോടുകൂടെ മരിക്കാം” എന്നു മറ്റുള്ള ശിഷ്യന്മാരോടു പറഞ്ഞു. [PE]{#1യേശു ആ സഹോദരിമാരെ ആശ്വസിപ്പിക്കുന്നു } [PS]യേശു അവിടെ എത്തിയപ്പോൾ ലാസറിനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസം കഴിഞ്ഞിരുന്നു എന്ന് അറിഞ്ഞു.
18. ജെറുശലേമിൽനിന്ന് ബെഥാന്യയിലേക്കു മൂന്ന് കിലോമീറ്ററിൽ[* മൂ.ഭാ. പതിനഞ്ച് സ്റ്റേഡിയ ] താഴെമാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ.
19. സഹോദരന്റെ വേർപാടിൽ മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കാൻ അനേകം യെഹൂദർ എത്തിയിരുന്നു.
20. യേശു വരുന്നു എന്നു കേട്ടപ്പോൾ അദ്ദേഹത്തെ എതിരേൽക്കാൻ മാർത്ത ഇറങ്ങിച്ചെന്നു; എന്നാൽ, മറിയ വീട്ടിൽത്തന്നെ ഇരുന്നു. [PE]
21. [PS]മാർത്ത യേശുവിനോടു പറഞ്ഞു: “കർത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു.
22. എങ്കിലും അങ്ങ് ചോദിക്കുന്നതെന്തും ഇപ്പോഴും ദൈവം അങ്ങേക്കു തരുമെന്ന് എനിക്കറിയാം.” [PE]
23.
24. [PS]“നിന്റെ സഹോദരൻ ഇനിയും ജീവിക്കും,” യേശു അവളോടു പറഞ്ഞു. [PE]
25. [PS]“അവസാനനാളിലെ പുനരുത്ഥാനത്തിൽ അയാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് എനിക്കറിയാം,” മാർത്ത പറഞ്ഞു. [PE][PS]യേശു അവളോടു ചോദിച്ചു, “ഞാൻ ആകുന്നു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നയാൾ മരിച്ചാലും ജീവിക്കും;
26. എന്നിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ചിരുന്ന ആരും ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നോ?” [PE]
27.
28. [PS]അവൾ പറഞ്ഞു: “ഉവ്വ് കർത്താവേ, ലോകത്തിലേക്കു വരാനുള്ള ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാൻ വിശ്വസിക്കുന്നു.” [PE][PS]ഇതു പറഞ്ഞശേഷം അവൾ തിരികെപ്പോയി സഹോദരിയായ മറിയയെ അടുക്കൽ വിളിച്ച്, “ഗുരു വന്നിട്ടുണ്ട്, നിന്നെ അന്വേഷിക്കുന്നു” എന്നു രഹസ്യമായി പറഞ്ഞു.
29. ഇതു കേട്ടു മറിയ വേഗം എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്കുപോയി.
30. യേശു ആ സമയംവരെ ഗ്രാമത്തിൽ കടക്കാതെ, മാർത്ത തന്നെ എതിരേറ്റ ആ സ്ഥലത്തുതന്നെ ആയിരുന്നു.
31. മറിയയ്ക്ക് ആശ്വാസം പകർന്നുകൊണ്ട് അവളോടൊപ്പം ഭവനത്തിൽ ഉണ്ടായിരുന്ന യെഹൂദർ, അവൾ വേഗത്തിൽ എഴുന്നേറ്റു പുറത്തേക്കു പോകുന്നതുകണ്ട്, കല്ലറയ്ക്കൽ ചെന്നു കരയാൻ പോകുന്നു എന്നുകരുതി അവളുടെ പിന്നാലെ ചെന്നു. [PE]
32.
33. [PS]യേശു ഉണ്ടായിരുന്ന സ്ഥലത്തു മറിയ എത്തി അദ്ദേഹത്തെ കണ്ടു കാൽക്കൽവീണു, “കർത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു. [PE][PS]അവളും അവളോടൊപ്പം വന്ന മറ്റ് യെഹൂദരും കരയുന്നതു കണ്ടപ്പോൾ യേശു ആത്മാവിൽ അതിദുഃഖിതനായി അസ്വസ്ഥനായിത്തീർന്നു.
34. “നിങ്ങൾ അവനെ എവിടെയാണു സംസ്കരിച്ചത്?” എന്ന് യേശു ചോദിച്ചു. [PE]
35. [PS]“കർത്താവേ, വന്നു കണ്ടാലും,” അവർ പറഞ്ഞു. [PE]
36. [PS]യേശു കരഞ്ഞു. [PE]
37. [PS]അപ്പോൾ യെഹൂദർ പറഞ്ഞു, “നോക്കൂ, യേശു അവനെ എത്രമാത്രം സ്നേഹിച്ചിരുന്നു!” [PE]
38. [PS]എന്നാൽ അവരിൽ ചിലർ ചോദിച്ചു, “അന്ധന്റെ കണ്ണു തുറന്ന ഇദ്ദേഹത്തിന് ഇവനെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?” [PE]{#1യേശു ലാസറിനെ ഉയിർപ്പിക്കുന്നു } [PS]യേശു വീണ്ടും ദുഃഖാർത്തനായി കല്ലറയുടെ അടുത്തെത്തി. അത് ഒരു ഗുഹയായിരുന്നു. ഗുഹാമുഖം ഒരു കല്ലുവെച്ച് അടച്ചിരുന്നു.
39. “കല്ല് ഉരുട്ടിമാറ്റുക,” യേശു പറഞ്ഞു. [PE]
40. [PS]മരിച്ചയാളുടെ സഹോദരിയായ മാർത്ത അപ്പോൾ, “കർത്താവേ, നാറ്റംവെച്ചുതുടങ്ങി; ഇപ്പോൾ നാലു ദിവസമായല്ലോ” എന്നു പറഞ്ഞു. [PE]
41. [PS]“നീ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്ത്വം കാണുമെന്ന് ഞാൻ നിന്നോടു പറഞ്ഞില്ലയോ,” എന്ന് യേശു ചോദിച്ചു. [PE][PS]അവർ കല്ലു നീക്കി. അപ്പോൾ യേശു സ്വർഗത്തിലേക്കു കണ്ണുകളുയർത്തി ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, അവിടന്ന് എന്റെ അപേക്ഷ കേട്ടതുകൊണ്ടു ഞാൻ അങ്ങയെ വാഴ്ത്തുന്നു.
42. അങ്ങ് എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നെന്ന് എനിക്കറിയാം. എങ്കിലും അവിടന്നാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ഈ നിൽക്കുന്ന ജനം വിശ്വസിക്കേണ്ടതിന് ഇവർ നിമിത്തം എല്ലാവരും കേൾക്കെ ഞാനിതു പറയുന്നു.” [PE]
43. [PS]തുടർന്ന് യേശു ഉച്ചസ്വരത്തിൽ, “ലാസറേ, പുറത്തുവരിക” എന്നു വിളിച്ചുപറഞ്ഞു.
44. മരിച്ചുപോയിരുന്നയാൾ ജീവനുള്ളയാളായി പുറത്തുവന്നു; അവന്റെ കൈകാലുകൾ ശവക്കച്ചകൊണ്ടു ചുറ്റിയും മുഖം തൂവാലകൊണ്ടു മൂടിയുമിരുന്നു. [PE]
45. [PS]“അവന്റെ കെട്ടുകൾ അഴിക്കുക, അവൻ പോകട്ടെ,” എന്ന് യേശു പറഞ്ഞു. [PE]{#1യേശുവിനെ വധിക്കാൻ ഗൂഢാലോചന } [PS]മറിയയെ സന്ദർശിക്കാൻ വന്ന യെഹൂദരിൽ പലരും യേശു ചെയ്ത ഈ അത്ഭുതപ്രവൃത്തി കണ്ട് അദ്ദേഹത്തിൽ വിശ്വസിച്ചു.
46. അവരിൽ ചിലരോ പരീശന്മാരുടെ അടുത്തുചെന്ന് യേശു ചെയ്തത് അറിയിച്ചു.
47. അപ്പോൾ പുരോഹിതമുഖ്യന്മാരും പരീശന്മാരുംകൂടി ന്യായാധിപസമിതിയുടെ[† മൂ.ഭാ. സൻഹെദ്രിൻ. മഹാപുരോഹിതനടക്കം 71 പേർ അടങ്ങുന്ന ഒരു സംഘമാണിത്. ] ഒരു യോഗം വിളിച്ചുകൂട്ടി. [PE][PS]“ഇനി നാം എന്തുചെയ്യും?” അവർ ചോദിച്ചു. “ഈ മനുഷ്യൻ അനേകം അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കുന്നല്ലോ!
48. ഇങ്ങനെ തുടരാൻ അനുവദിച്ചാൽ ജനമെല്ലാം അയാളിൽ വിശ്വസിക്കും; അപ്പോൾ റോമാക്കാർ വന്നു നമ്മുടെ ദൈവാലയവും[‡ മൂ.ഭാ. സ്ഥാനവും ] രാഷ്ട്രവും പൂർണമായി കൈവശപ്പെടുത്തും.” [PE]
49. [PS]അവിടെ കൂടിയിരുന്നവരിൽ ഒരാളും ആ വർഷത്തെ മഹാപുരോഹിതനുമായ കയ്യഫാവ് അവരോടു പറഞ്ഞു: “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ.
50. ഒരു ജനത മുഴുവൻ നശിക്കുന്നതിനെക്കാൾ, ഒരു മനുഷ്യൻ ജനങ്ങൾക്കുവേണ്ടി മരിക്കുന്നതാണ് യുക്തമെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ല.” [PE]
51. [PS]ഇത് അയാൾ സ്വമേധയാ പറഞ്ഞതല്ല, പിന്നെയോ, ആ വർഷത്തെ മഹാപുരോഹിതൻ എന്നനിലയിൽ ജനത്തിനുവേണ്ടി യേശു മരിക്കുമെന്നുള്ളതു പ്രവചിക്കുകയായിരുന്നു.
52. ആ മരണം ഇസ്രായേൽജനതയ്ക്കുവേണ്ടിമാത്രമല്ല, ലോകംമുഴുവനും ചിതറിപ്പോയിരിക്കുന്ന ദൈവമക്കളെയെല്ലാം ഒരുമിച്ചു ചേർക്കുന്നതിനുവേണ്ടിയുംകൂടിയാണ്.
53. അന്നുമുതൽ അവർ യേശുവിനെ വധിക്കാൻ ഗൂഢാലോചന നടത്തി. [PE]
54.
55. [PS]അതുകൊണ്ട് യേശു യെഹൂദ്യനാട്ടുകാർക്കിടയിൽ പരസ്യമായി സഞ്ചരിക്കാതെ, അവിടത്തെ ശിഷ്യന്മാരുമായി മരുഭൂമിക്കടുത്ത് എഫ്രയീം എന്ന ഗ്രാമത്തിലേക്കു പിൻവാങ്ങി അവിടെ താമസിച്ചു. [PE][PS]യെഹൂദരുടെ പെസഹ അടുത്തിരുന്നതിനാൽ പെസഹയ്ക്കുമുമ്പുള്ള ആചാരപരമായ ശുദ്ധീകരണം നടത്തേണ്ടതിന് അനേകർ സ്വന്തം ഗ്രാമപ്രദേശങ്ങളിൽനിന്ന് ജെറുശലേമിലേക്കു യാത്രയായി.
56. അവർ യേശുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. ദൈവാലയാങ്കണത്തിൽവെച്ച് അവർ പരസ്പരം ചോദിച്ചു, “നിങ്ങൾക്ക് എന്തുതോന്നുന്നു? അദ്ദേഹം പെരുന്നാളിന് ഇനി വരാതിരിക്കുമോ?”
57. യേശു എവിടെയാണെന്ന് ആർക്കെങ്കിലും അറിവു കിട്ടിയാൽ അദ്ദേഹത്തെ പിടികൂടുന്നതിനുവേണ്ടി വിവരം തങ്ങളെ അറിയിക്കണമെന്നു പുരോഹിതമുഖ്യന്മാരും പരീശന്മാരും കൽപ്പന പുറപ്പെടുവിച്ചിരുന്നു. [PE]