സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
പുറപ്പാടു് 3

Notes

No Verse Added

History

പുറപ്പാടു് 3

1
മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മോയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ കൊണ്ടു ചെന്നു.
2
അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
3
മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
4
നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.
5
അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
6
ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.
7
യഹോവ അരുളിച്ചെയ്തതു: മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.
8
അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യർ, ഹിത്യർ, അമോർയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.
9
യിസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു.
10
ആകയാൽ വരിക; നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും.
11
മോശെ ദൈവത്തോടു: ഫറവോന്റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാൻ എന്തു മാത്രമുള്ളു എന്നു പറഞ്ഞു.
12
അതിന്നു അവൻ: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽനിന്നു കൂട്ടിക്കൊണ്ടു വരുമ്പോൾ നിങ്ങൾ പർവ്വതത്തിങ്കൽ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാൻ നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു.
13
മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു.
14
അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.
15
ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.
16
നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോടു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു: ഞാൻ നിങ്ങളെയും മിസ്രയീമിൽ അവർ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദർശിക്കുന്നു.
17
മിസ്രയീമിലെ കഷ്ടതയിൽനിന്നു കനാന്യർ, ഹിത്യർ, അമോർയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു എന്നു പറക.
18
എന്നാൽ അവർ നിന്റെ വാക്കു കേൾക്കും. അപ്പോൾ നീയും യിസ്രായേൽ മൂപ്പന്മാരും മിസ്രയീംരാജാവിന്റെ അടുക്കൽ ചെന്നു അവനോടു: എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ എന്നു പറവിൻ.
19
എന്നാൽ മിസ്രയീംരാജാവു ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കയില്ല എന്നു ഞാൻ അറിയുന്നു.
20
അതുകൊണ്ടു ഞാൻ എന്റെ കൈ നീട്ടി മിസ്രയീമിന്റെ നടുവിൽ ചെയ്‍വാനിരിക്കുന്ന അത്ഭുതങ്ങളെക്കൊണ്ടൊക്കെയും അതിനെ ദണ്ഡിപ്പിക്കും; അതിന്റെ ശേഷം അവൻ നിങ്ങളെ വിട്ടയക്കും.
21
ഞാൻ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുങ്കയ്യായി പോരേണ്ടിവരികയില്ല.
22
ഓരോ സ്ത്രീ താന്താന്റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാർക്കുന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.
×

Alert

×

malayalam Letters Keypad References