സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യേഹേസ്കേൽ 26:1

Notes

No Verse Added

യേഹേസ്കേൽ 26:1

1
പതിനൊന്നാം ആണ്ടു ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2
മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചു: നന്നായി, ജാതികളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവർ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായ്തീർന്നിരിക്കയാൽ ഞാൻ നിറയും എന്നു സോർ പറയുന്നതുകൊണ്ടു
3
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും.
4
അവർ സോരിന്റെ മതിലുകളെ നശിപ്പിച്ചു, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാക്കും.
5
അതു സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിന്നുള്ള സ്ഥലമായ്തീരും; ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; അതു ജാതികൾക്കു കവർച്ചയായ്തീരും.
6
നാട്ടുപുറത്തുള്ള അതിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; ഞാൻ യഹോവ എന്നു അവർ അറിയും.
7
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടെ സോരിന്നുനേരെ വരുത്തും.
8
അവൻ നാട്ടുപുറത്തുള്ള നിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; അവൻ നിന്റെ നേരെ കൊത്തളം പണിതു വാടകോരി നിന്റെ നേരെ ഒരു മറ നിർത്തും.
9
അവൻ നിന്റെ മതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെച്ചു കോടാലികൊണ്ടു നിന്റെ ഗോപുരങ്ങളെ തകർത്തുകളയും.
10
അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ടു നിന്റെ മതിലുകൾ കുലുങ്ങിപ്പോകും.
11
തന്റെ കുതിരകളുടെ കുളമ്പുകൊണ്ടു അവൻ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും.
12
അവർ നിന്റെ സമ്പത്തു കവർന്നു നിന്റെ ചരകൂ കൊള്ളയിട്ടു നിന്റെ മതിലുകൾ ഇടിച്ചു നിന്റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും.
13
നിന്റെ പാട്ടുകളുടെ ഘോഷം ഞാൻ ഇല്ലാതാക്കും; നിന്റെ വീണകളുടെ നാദം ഇനി കേൾക്കയുമില്ല.
14
ഞാൻ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
15
യഹോവയായ കർത്താവു സോരിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിഹതന്മാർ ഞരങ്ങുമ്പോഴും നിന്റെ നടുവിൽ സംഹാരം നടക്കുമ്പോഴും നിന്റെ വീഴ്ചയുടെ ഒച്ചയാൽ ദ്വീപുകൾ നടുങ്ങിപ്പോകയില്ലയോ?
16
അപ്പോൾ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികളെ നീക്കി വിചിത്രവസ്ത്രങ്ങളെ അഴിച്ചുവെക്കും; അവർ വിറയൽ പൂണ്ടു നിലത്തിരുന്നു മാത്രതോറും വിറെച്ചുകൊണ്ടു നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും.
17
അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയും: സമുദ്രസഞ്ചാരികൾ പാർത്തതും കീർത്തിപ്പെട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു അതിലെ സകലനിവാസികൾക്കും നിങ്ങളെ പേടിയായിരുന്നുവല്ലോ!
18
ഇപ്പോൾ നിന്റെ വീഴ്ചയുടെ നാളിൽ ദ്വീപുകൾ വിറെക്കും; അതെ, സമുദ്രത്തിലെ ദ്വീപുകൾ നിന്റെ നിര്യാണത്തിങ്കൽ ഭ്രമിച്ചുപോകും.
19
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ നിവാസികൾ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാൻ നിന്റെമേൽ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും,
20
ഞാൻ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ പുരാതനജനത്തിന്റെ അടുക്കൽ ഇറക്കുകയും നിനക്കു നിവാസികൾ ഇല്ലാതെയിരിക്കേണ്ടതിന്നും നീ ജീവനുള്ളവരുടെ ദേശത്തു നിലനിൽക്കാതെയിരിക്കേണ്ടതിന്നും ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ പുരാതനശൂന്യങ്ങളിൽ തന്നേ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാർപ്പിക്കയും ചെയ്യും.
21
ഞാൻ നിന്നെ ശീഘ്രനാശത്തിന്നു ഏല്പിക്കും; നീ ഇല്ലാതെ ആയ്പോകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
×

Alert

×

malayalam Letters Keypad References